KOYILANDY DIARY.COM

The Perfect News Portal

അലിഗഡ് മുസ്ലീം സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി

മോദി സർക്കാരിന് തിരിച്ചടി. ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി. മുസ്ലീം സംവരണം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിയും ഏഴംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി. ന്യൂനപക്ഷ പദവിക്കെതിരെ നിലപാട് സ്വീകരിച്ച മോദി സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായത്.

അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ 1967ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് 43 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഴംഗ ഭരണഘടനാ ബെഞ്ച് തിരുത്തിയത്. ഭരണഘടനയുടെ 30 പ്രകാരം അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് അതിന്റെ സ്ഥാപകര്‍ ആരാണെന്നത് അടിസ്ഥാനമാക്കിയാണെന്നും നിയമപ്രകാരം സ്ഥാപിച്ചുവെന്നതുകൊണ്ട് ന്യൂനപക്ഷ പദവി നഷ്ടമാകില്ലെന്നും ചീഫ് ജസ്റ്റിസ് ചി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കി.

ഏഴംഗ ബെഞ്ചില്‍ മൂന്നിനെതിരെ നാല് എന്ന ഭൂരിപക്ഷത്തിലായിരുന്നു വിധി. അതേസമയം അലിഗഡിന് ന്യൂനപക്ഷ പദവി തിരിച്ചുനല്‍കുന്ന കാര്യത്തില്‍ ഭരണഘടനാ ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചില്ല. ഇക്കാര്യത്തില്‍ പുതിയ ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന പുതിയ റെഗുലര്‍ ബെഞ്ചിന് വിട്ടു. 1967ല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഡ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയതോടെയാണ് കേസിന്റെ തുടക്കം. 1981ല്‍ സുപ്രീംകോടതിയിലെ രണ്ടംഗബെഞ്ച് വിധിയില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഏഴംഗബെഞ്ചിന് വിടുകയായിരുന്നു.

Advertisements

1981ല്‍ പാര്‍ലമെന്റ് നിയമഭേദഗതിയിലൂടെ ന്യൂനപക്ഷ പദവി തിരികെ നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാലകളിലെ പിജി കോഴ്‌സുകളില്‍ മുസ്ലീം വിഭാഗത്തിന് സംവരണം നല്‍കിയത് അലഹാബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. 2006ല്‍ അലഹാബാദ് ഹൈക്കോടതി സംവരണം റദ്ദാക്കി. ഇത് ചോദ്യം ചെയ്ത് അലിഗഡ് സര്‍വ്വകലാശാലയും അന്നത്തെ യുപിഎ സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചു.

എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ 2016ല്‍ ഹര്‍ജി പിന്‍വലിക്കുകയും ന്യൂനപക്ഷ പദവി നല്‍കേണ്ടെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പിന്നീട് സര്‍വ്വകലാശായുടെ അപ്പീല്‍ കേട്ടാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി. ഇതോടെ ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ച നരേന്ദ്രമോദിക്കും ഭരണഘടനാബെഞ്ചിന്റെ വിധി വന്‍ തിരിച്ചടിയായി മാറുകയും ചെയ്തു.

Share news