KOYILANDY DIARY.COM

The Perfect News Portal

അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയം; വനിതാ കമ്മീഷൻ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സാംസ്കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും സതീദേവി പറഞ്ഞു.

ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീര്‍ത്തും അനുചിതവും സാംസ്കാരിക കേരളത്തിനും ചലച്ചിത്ര മേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണ് അലന്‍സിയറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ഇതു തീര്‍ത്തും അപലപനീയമാണെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

 

തിരുവനന്തപുരം നിശാഗന്ധിയില്‍ സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുമ്പോഴായിരുന്നു അലന്‍സിയർ വിവാദ പ്രസ്താവന നടത്തിയത്. ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീരൂപമുള്ള ശില്‍പം മാറ്റി ആണ്‍കരുത്തുള്ള ശില്‍പമാക്കണം. ആണ്‍രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം നിര്‍ത്തും. പ്രത്യേക ജൂറി പരാമര്‍ശം നല്‍കി അപമാനിക്കരുതെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.

Advertisements
Share news