KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2023ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2023ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ഐ വി ദാസ് പുരസ്‌കാരത്തിന് പ്രൊഫ. എം ലീലാവതി അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെങ്കല ശിൽപ്പവുമാണ്‌ പുരസ്‌കാരം. സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം പൊൻകുന്നം സെയ്ദിന്‌. 50,000- രൂപയും പ്രശസ്തിപത്രവും ശിൽപ്പവും സമ്മാനിക്കും.

സംസ്ഥാനത്ത് 50 വർഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ എം എസ് പുരസ്‌കാരത്തിന് കൊല്ലം കാട്ടാമ്പള്ളി സന്മാർഗദായിനി യുവജന ഗ്രന്ഥശാല ആൻഡ്‌ വായനശാലയെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും വെങ്കല ശിൽപ്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സംസ്ഥാനത്തെ ഏറ്റവും മികച്ച സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള സമാധാനം പരമേശ്വരൻ പുരസ്‌കാരം കാസർഗോഡ് പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥശാലയ്ക്കാണ്‌. സിഐസിസി ബുക്ക് ഹൗസ് ഏർപ്പെടുത്തിയ പുരസ്‌കാരം 10,001- രൂപയും പ്രശസ്തി പത്രവുമാണ്.

പിന്നാക്ക പ്രദേശത്ത് ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള എൻ ഇ ബാലറാം പുരസ്‌കാരം വയനാട് കണ്ണങ്കോട് നവോദയ ഗ്രന്ഥശാല ആൻഡ്‌ വായനശാലയ്ക്കാണ്. 20,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും സമ്മാനിക്കും. സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡി സി പുരസ്‌കാരം നേടിയ കൊല്ലം പാങ്ങോടുള്ള കുഴിയ്ക്കലിടവക പബ്ലിക് ലൈബ്രറിക്ക്‌ 77,777 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും നൽകും.

Advertisements

 

സംസ്ഥാനത്തെ ഏറ്റവും മികച്ച ബാലവേദി പ്രവർത്തിക്കുന്ന ലൈബ്രറിക്കുള്ള പി രവീന്ദ്രൻ സ്മാരക പുരസ്‌കാരം പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിക്കാണ്. 25,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സി ജി ശാന്തകുമാർ പുരസ്‌കാരം കണ്ണൂർ ജില്ലയിലെ കൊട്ടില സർഗചേതന പബ്ലിക് ലൈബ്രറിക്ക്‌. 50,000-രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

 

Share news