KOYILANDY DIARY.COM

The Perfect News Portal

മുണ്ടക്കൈ- ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ച് സംസ്ഥാന സർക്കാർ

മുണ്ടക്കൈ- ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ച് സംസ്ഥാന സർക്കാർ. പുനരധിവാസത്തിന് വീടുകൾ വെച്ച് നൽകാൻ മുന്നോട്ട് വന്ന സ്പോൺസർമാരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. കേന്ദ്രം ഇതുവരെയായി സഹായം നൽകാത്ത പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിൻ്റെ നടപടി. ടൗൺഷിപ്പുമായി ബന്ധപ്പെട്ട കരട് രൂപരേഖ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പൊതു മാനദണ്ഡം എന്നിവയിൽ ചർച്ചയിൽ ധാരണയിലെത്തുകയാണ് സർക്കാർ ലക്ഷ്യം.

അതേസമയം വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജൂലൈ അവസാനമുണ്ടായ ദുരന്തത്തിൽ മാസങ്ങൾക്ക് ശേഷമാണ് അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചത്. മാസങ്ങൾ നീണ്ട കേരളത്തിന്റെ നിരന്തര ആവശ്യവും സമ്മർദവും ആണ് ഒടുവിൽ ഫലം കണ്ടത്. ചൂരല്‍മല- മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അറിയിച്ചു.

 

എന്നാൽ കേന്ദ്രം കേരളത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചില്ല. ദുരന്തനിവാരണ നിധിയില്‍ നിന്ന് ആവശ്യത്തിന് പണം നല്‍കി എന്ന് പറഞ്ഞ് കൈകഴുകിയിരിക്കുകയാണ് ഇപ്പോൾ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്ത, സംസ്ഥാന റവന്യൂ, ദുരന്ത നിവാരണ, ഭവന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisements

 

അതേസമയം കേന്ദ്രം പണം തന്നില്ലെങ്കിലും ചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി വയനാട്ടില്‍ ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാക്കുമെന്നും പറയുന്നത് നടപ്പിലാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുൻപ് പറഞ്ഞിരുന്നു. നാടിന് വിരുദ്ധമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും സഹായം ഇനിയും ആവശ്യപ്പെടുമെന്നും അത് അര്‍ഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Share news