ഉമ്മയെ വെട്ടിക്കൊന്ന മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്: താമരശേരി അടിവാരം 30 ഏക്കറിലെ കായിക്കൽ സുബൈദയെ (53) വെട്ടിക്കൊലപ്പെടുത്തിയ മകൻ ആഷിക്കി (25) നെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആഷിക്കിനെ ജയിലിൽ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം. അർബുദരോഗിയായ സുബൈദയെ ലഹരിക്ക് അടിമയായ മകൻ ആഷിഖ് കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ സുബൈദ സഹോദരിയുടെ വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് കൊലപാതകം.

പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ 17 വെട്ടുകളാണ് ഉള്ളതെങ്കിൽ പോസ്റ്റ്മോർട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോർട്ടിൽ 17ൽ കൂടുതൽ വെട്ടുകളുണ്ടെന്നാണ് പറയുന്നത്. ലഹരിക്കടിമയായതിനുശേഷം മുമ്പ് പലതവണ ആഷിഖ് ഉമ്മയെ കൊല്ലാൻ ശ്രമം നടത്തിയിരുന്നു. കൊലയ്ക്ക് കാരണമായത് പണവും സ്വത്തും നൽകാത്തതിലുള്ള വിരോധമാണെന്നാണ് പൊലീസ് നിഗമനം. പലതവണ നൽകിയിട്ടും വീണ്ടും വീണ്ടും സുബൈദയോട് ആഷിഖ് പണമാവശ്യപ്പെട്ടിരുന്നു. സുബൈദയുടെ പേരിലുള്ള സ്വത്ത് വിട്ട് നൽകാനും ആവശ്യപ്പെട്ടു.

ആഷിഖ് രണ്ടു മൂന്ന് ദിവസത്തേക്ക് വീടുവിട്ട് നിന്നത് ചോദ്യം ചെയ്ത സുബൈദ, അനാവശ്യമായി ചെലവഴിക്കാൻ ഇടയ്കിടെ പണം നൽകാനാവില്ലെന്ന് പറഞ്ഞതോടെയാണ് വാക്കേറ്റം കൊലപാതകത്തിലേക്ക് എത്തിയത്. കൊലയ്ക്കുമുമ്പ് കൊടുവാൾ വാങ്ങിപ്പോകുന്നതും കൃത്യം നിർവഹിച്ചതിനുശേഷം തിരിച്ചുവരുന്നതും വീടിന്റെ മുറ്റത്തെ ടാപ്പിൽ കൊടുവാൾ കഴുകുന്നതുമെല്ലാം അടങ്ങിയ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

