KOYILANDY DIARY.COM

The Perfect News Portal

കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്; മന്ത്രി വീണാ ജോര്‍ജ്

കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന വേദികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ 25 വേദികളിലും ഫസ്റ്റ് എയ്ഡ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. അനാവശ്യമായ പ്രചാരണം നടത്തരുത്. സ്‌കൂള്‍ കലോത്സവം വളരെ മികച്ച രീതിയില്‍ തന്നെ നടക്കും. ആരോഗ്യ വകുപ്പിന് വിപുലമായ സംവിധാനങ്ങളുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. കലോത്സവങ്ങളില്‍ പങ്കെടുക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഏകോപനത്തില്‍ എല്ലാ വേദികളിലും നല്ല നിലയില്‍ തന്നെ മെഡിക്കല്‍ ടീം പ്രവര്‍ത്തിച്ചു വരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ ടീമിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം സജ്ജമാണ്. അടിയന്തര ഘട്ടത്തില്‍ 9072055900 എന്ന നമ്പരില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് ആശുപത്രി, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി എന്നിവിടങ്ങളില്‍ 10 കിടക്കകള്‍ വീതം പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിലും ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കൂടാതെ ആയുഷ് വകുപ്പിന്റേയും മെഡിക്കല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റേയും ആയുഷ് വകുപ്പിന്റേയും മെഡിക്കല്‍ ടീമിനെ മന്ത്രി സന്ദര്‍ശിച്ചു.

Share news