കൊല്ലത്തെ ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച രണ്ടാമത്തെ പ്രതിയും റിമാൻ്റിൽ
കൊയിലാണ്ടി: കൊല്ലത്തെ ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച രണ്ടാമത്തെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ അമൽ ബാൽ റിമാൻ്റിൽ. കൊല്ലം കന്മനമീത്തൽ ബാലൻ്റെ മകനാണ് (32) അമൽ ബാൽ. ഇന്നലെ വൈകീട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ നേരിട്ട് പങ്കാളിയായ വിയ്യൂർ അട്ടവയൽ മനുലാലിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹ സൽക്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറി അവിടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാക്കളായ വൈശാഖ്, അർജുൻ, വിനു എന്നിവരെ ആർഎസ്എസ് അക്രമി സംഘം മാരകായുധങ്ങളുമായി ഗുരുതരമായി പരിക്കേൽപ്പിച്ചത്. മേഖലാ സെക്രട്ടറി വൈശാഖ് ഇപ്പോഴും മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

കൊയിലാണ്ടി സിഐ എം.വി ബിജുവിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ പി.എം. ശൈലേഷ്, അനീഷ് വടക്കയിൽ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. കൂട്ടു പ്രതികളായ അരുൺ ലാൽ, സന്ദീപ് എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ ഉടൻ തന്നെ പിടിയിലാകുമെന്നാണ് പോലീസ് പറയുന്നത്. സംഘർഷ സാധ്യതകണക്കിലെടുത്ത് വിയ്യൂർ, കൊല്ലം മേഖലയിൽ രാത്രിയും പകലും ശക്തമായ പോലീസ് പട്രോളിംഗ് തുടരുകയാണ്. വാഹന പരിശോധനയും നടക്കുന്നുണ്ട്.

