KOYILANDY DIARY.COM

The Perfect News Portal

റഡാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് മനുഷ്യ ജീവന്റെ സാന്നിധ്യം കണ്ടെത്താനായില്ല

വയനാട് മുണ്ടക്കൈയിൽ റഡാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനകൾ വിഫലം. മരണസംഖ്യ 354. സ്ഥലത്ത് മനുഷ്യ ജീവന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതേതുടർന്ന് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് രാത്രി വൈകിയും പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ തീരുമാനിച്ചത്. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാൽ നീണ്ട തിരച്ചിലിന് ഒടുവിൽ മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല.

മുണ്ടക്കൈയിൽ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും ദൗത്യം തുടരാൻ മുഖ്യമന്ത്രി നിര്‍ദേശം നൽകുകയിരുന്നു. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ദുരന്തത്തിൽ ഇതുവരെ 354 പേരാണ് മരിച്ചത്. ഇന്ന് നിലമ്പൂരില്‍ നിന്നും 5 മൃതദേഹങ്ങളും മേപ്പാടിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ദുരന്തത്തില്‍പ്പെട്ട മനുഷ്യരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. 133 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആശുപത്രികളിലെ ലിസ്റ്റുകളിലും മറ്റും തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുണ്ടോ എന്ന് തിരയുന്ന വയനാട്ടിലെ മനുഷ്യര്‍ കേരളത്തിന്റെയാകെ നോവാകുകയാണ്.

Advertisements
Share news