തൊഴിലാളി ഐക്യം തകർക്കാൻ വിഭജനത്തിന്റെ രാഷ്‌ട്രീയം ഉപയോഗിക്കുന്നു; എളമരം കരീം

കോഴിക്കോട്: തൊഴിലാളി ഐക്യം തകർക്കാൻ കേന്ദ്ര സർക്കാർ വിഭജനത്തിന്റെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി പറഞ്ഞു. വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ കൗൺസിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ തൊഴിലാളികളും സാധാരണക്കാരും ഏറ്റവും ദുസ്സഹമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സർക്കാർ മേഖലകളിൽപ്പോലും കരാർവൽക്കരണം ഏർപ്പെടുത്തി. തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്‌തും പുതിയ ലേബർ കോഡുകൾ നടപ്പാക്കിയതും കോർപറേറ്റുകൾക്കുവേണ്ടിയാണ്. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഇല്ലാതാവുകയാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് സാമൂഹികമായി ഉയർന്നുവരാനുള്ള സാഹചര്യം ഇല്ലാതാകുന്നു.

ഈ നയങ്ങൾക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാണ്. അതിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഏക സിവിൽ കോഡ് പുറത്തെടുക്കുന്നത്. ഗോത്രവിഭാഗങ്ങൾക്ക് ഈ നിയമം ബാധകമാകില്ലെന്ന് പറയുന്നതിലൂടെ മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണ് നീക്കമെന്ന് വ്യക്തമാണ്. എന്നാൽ, ബിൽ വന്നിട്ട് പ്രതികരിക്കാമെന്നാണ് രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് പറയുന്നത്. നടപ്പാക്കിയാൽ പ്രശ്‌നമില്ല എന്നാണ് അവരുടെ നിലപാടെന്ന് ഇതിൽനിന്ന് വ്യക്തം. നടപ്പാക്കരുതെന്ന് പറയാനുള്ള ആർജവം അവർക്കില്ല.

രാജ്യം വിറ്റുതുലയ്‌ക്കുമ്പോഴും കോർപറേറ്റ് മാധ്യമങ്ങൾ സർക്കാരിന്റെ വാലായി മാറുകയാണ്. മാധ്യമമേഖലയെ അദാനിയും അംബാനിയും സ്വന്തമാക്കിക്കഴിഞ്ഞു. തൊഴിലാളി ഐക്യത്തിലൂടെ മാത്രമേ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുത്തുതോൽപ്പിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
