KOYILANDY DIARY

The Perfect News Portal

കളമശേരി സ്ഫോടന കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

കേരളത്തെ നടുക്കിയ കളമശേരി സ്ഫോടന കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. യു എ പി എ, സ്ഫോടക വസ്തു നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9. 30നായിരുന്നു കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേർക്ക് പരിക്കേറ്റിരുന്നു. യഹോവ സാക്ഷികൾ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും തന്റെ നിർദ്ദേശങ്ങൾ തള്ളിക്കള‍ഞ്ഞതിലുമുള്ള പകയാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. 

സ്ഫോടനം നടത്തിയശേഷം സ്ഥലം വിട്ട ഡൊമിനിക് മാർട്ടിൻ ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. പിന്നീട് കൊടകര പൊലീസിൽ കീഴടങ്ങി. ബാഹ്യ പ്രേരണ ലഭിച്ചിട്ടുണ്ടോയെന്നടക്കം അന്വേഷിച്ചെങ്കിലും ഇയാൾക്ക് മാത്രമേ പങ്കുള്ളൂവെന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നു. 

Advertisements

സ്‌ഫോടത്തിൽ ആദ്യം മൂന്ന് പേരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർ പിന്നീടാണ് മരണത്തിന് കീഴടങ്ങിയത്. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. രണ്ട് മാസം മുമ്പേ സ്‌ഫോടനത്തിനായി മാർട്ടിൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ. സ്‌ഫോടനങ്ങളെക്കുറിച്ചുള്ള സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്.