KOYILANDY DIARY.COM

The Perfect News Portal

കെ ഫോണിനെതിരെ ഹൈക്കോടതിയിൽ പോയ പ്രതിപക്ഷ നേതാവിനേറ്റത്‌ കനത്ത തിരിച്ചടി; മന്ത്രി പി രാജീവ്‌

തിരുവനന്തപുരം: കെ ഫോണിനെതിരെ ഹൈക്കോടതിയിൽ പോയ പ്രതിപക്ഷ നേതാവിനേറ്റത്‌ കനത്ത തിരിച്ചടിയാണെന്ന്‌ മന്ത്രി പി രാജീവ്‌. കേരളത്തിൻ്റെ പ്രതിപക്ഷ നേതാവിന് പബ്ലിക്ക് ഇൻ്ററസ്റ്റാണോ പബ്ലിസിറ്റി ഇൻ്ററസ്റ്റാണോ എന്നാണ്‌ ബഹുമാനപ്പെട്ട ഹൈക്കോടതി ചോദിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ  ചോദ്യമുന്നയിക്കുന്നതിന് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2019ലെ ഒരു കരാറിന്മേൽ 4 വർഷം കഴിഞ്ഞ് ഒരു ഹർജിയുമായി വന്നത് എന്തുകൊണ്ടാണെന്നും എന്താണ് തെളിവുള്ളത് എന്നുമൊക്കെയുള്ള ചോദ്യങ്ങൾക്ക് സി എ ജി റിപ്പോർട്ട് വന്നാൽ തെളിവ് സമർപ്പിക്കാമെന്ന ബാലിശമായ ഉത്തരമാണ് പ്രതിപക്ഷ നേതാവ് നൽകിയത്.

യാതൊരു തെളിവുമില്ലാതെ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാൻ പോലും ഈ ഘട്ടത്തിൽ കോടതി തയ്യാറായില്ല. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ പോലും കോടതി തയ്യാറായില്ല എന്നത് പ്രതിപക്ഷ നേതാവിനേറ്റ കനത്ത തിരിച്ചടിയാണ് – രാജീവ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ ചെയ്‌തികളിൽ നിന്ന് കണ്മുന്നിൽ ഒരു തെളിവുമില്ലാതെ കേരളത്തിൻ്റെ അഭിമാന പദ്ധതിയായ കെ-ഫോണിനെ തകർക്കാൻ അദ്ദേഹം ശ്രമിക്കുകയാണ് എന്നല്ലേ മലയാളികൾ മനസിലാക്കേണ്ടത്? 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇൻ്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി തകർക്കാൻ ശ്രമിച്ചുകൊണ്ട് അങ്ങേയറ്റം ജനവിരുദ്ധവും കേരള വിരുദ്ധവുമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.

 

ഇതിനൊപ്പം കെ – ഫോൺ പദ്ധതിയുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത കെൽട്രോണിനെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാനും പ്രതിപക്ഷ നേതാവ് ഹർജിയിലൂടെ ശ്രമിക്കുകയുണ്ടായി. ചാന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലുൾപ്പെടെ പങ്കെടുത്ത് കേരളത്തിൻ്റെ അഭിമാനമായി നിലകൊള്ളുന്ന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ഇകഴ്ത്തിക്കാണിക്കാൻ അദ്ദേഹം എന്തിനാണ് ശ്രമിക്കുന്നത്? ഇന്നത്തെ കോടതി പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് ഈ നാടിനോട് മാപ്പ് പറയുകയാണ് വേണ്ടത്.

Advertisements

 

ഇത് ഒറ്റപ്പെട്ട സംഭവമായി നമുക്ക് കാണാൻ സാധിക്കുകയില്ല. കേരളത്തിലെ എല്ലാ വികസന പദ്ധതികൾക്കുമെതിരെ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. എ.ഐ ക്യാമറയുടെ കാര്യത്തിലും ഇക്കാര്യം നമ്മൾ കണ്ടതാണ്. പദ്ധതി നടപ്പിലാക്കാനേ അനുവദിക്കില്ല എന്ന നിലപാടിൽ നിന്ന് പദ്ധതിക്കെതിരല്ല നടപ്പിലാക്കുന്ന രീതിയോടാണ് വിയോജിപ്പ് എന്ന നിലപാടിലേക്ക് അദ്ദേഹം എത്തിയിരുന്നു. ഹൈക്കോടതി വരെ പ്രശംസിച്ച ഈ പദ്ധതിയോട് ഇന്ന് അദ്ദേഹത്തിൻ്റെ നിലപാടെന്താണ്? വയനാടിലെ ജനങ്ങൾക്ക് ഏറെ സഹായകമാകുന്ന, നവകേരള സദസിലുൾപ്പെടെ ജനങ്ങൾ ആവശ്യപ്പെട്ട തുരങ്കപാത നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന പ്രതിപക്ഷ നേതാവിൻ്റെ നിലപാടും ഈ ഘട്ടത്തിൽ ഓർക്കേണ്ടതാണ്.

 

ഇങ്ങനെ കേരളത്തിലെ വികസന കാര്യങ്ങളിലെല്ലാം പിന്തിരിപ്പൻ സമീപനം കൈക്കൊള്ളുന്ന അദ്ദേഹത്തിന് തിരിച്ചറിവുണ്ടാകാനുള്ള തിരിച്ചടിയാണ് ഇന്ന് കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. പബ്ലിക്ക് ഇൻ്ററസ്റ്റാണ് മുഖ്യമെന്നും പബ്ലിസിറ്റി ഇൻ്ററസ്റ്റല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കുമ്പോൾ വികസന കാര്യങ്ങളിൽ കേരളത്തിനും സർക്കാരിനുമൊപ്പം നിൽക്കാൻ ഇനിയെങ്കിലും അദ്ദേഹം തയ്യാറാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു – രാജീവ്‌ പറഞ്ഞു.

Share news