KOYILANDY DIARY

The Perfect News Portal

പഴയ കോർപ്പറേഷൻ കെട്ടിടം പൈതൃക മ്യൂസിയമാക്കും

കോഴിക്കോട്‌: പഴയ കോർപ്പറേഷൻ കെട്ടിടം പൈതൃക മ്യൂസിയമാക്കും. ഒന്നരനൂറ്റാണ്ട്‌ പഴക്കമുള്ള കോഴിക്കോട്‌ കോർപറേഷൻ  കെട്ടിടം പൈതൃക മ്യൂസിയമാക്കി മാറ്റുന്നതിന്റെ മുന്നോടിയായുള്ള സംരക്ഷണ പ്രവൃത്തിക്ക്‌ 22ന്‌ തുടക്കമാവും. ഒരുകോടിയിൽപരം രൂപ മുടക്കിയാണ്‌ പൈതൃകകെട്ടിടത്തിന്റെ തനതുസ്വഭാവം നിലനിർത്തി സംരക്ഷണപ്രവൃത്തി നടത്തുക. കെട്ടിടം മ്യൂസിയമാക്കി സംരക്ഷിക്കാൻ കോർപറേഷൻ നേരത്തേ തീരുമാനിച്ചിരുന്നു.
25 വർഷം മുമ്പു തന്നെ ഉരുത്തിരിഞ്ഞ ആശയത്തിനാണ്‌ സാക്ഷാത്‌കാരമാവുന്നത്‌. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ്‌ സംരക്ഷണപ്രവൃത്തി. കെട്ടിടം മ്യൂസിയമാക്കുന്നത്‌ സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാവും. 22ന്‌ പകൽ മൂന്നിന്‌ നടക്കുന്ന ചടങ്ങിൽ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ പ്രവൃത്തി ഉദ്‌ഘാടനം നിർവഹിക്കും.
Advertisements
 കെട്ടിടത്തിന്റെ അടിത്തറ മുതൽ മേൽക്കൂര വരെ അറ്റകുറ്റപ്പണിക്ക്‌ തിരുവനന്തപുരം കേന്ദ്രമായുള്ള സ്വകാര്യ സംരംഭകർക്കാണ്‌ കരാർ. പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണത്തിൽ പ്രവൃത്തി പരിചയമുള്ള കരാറുകാരിൽ നിന്നാണ്‌ പുരാവസ്‌തു വകുപ്പ്‌ ടെൻഡർ ക്ഷണിച്ചത്‌. കെട്ടിടം സംരക്ഷിത സ്‌മാരകമാക്കുന്നതിന്‌ കോർപറേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്‌തു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നഗരഭരണ കാര്യാലയമായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്‌.
ഇത്‌ സംബന്ധിച്ച്‌  രേഖാപരമായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌ പുരാവസ്‌തു വകുപ്പ്‌. യൂറോപ്യൻ നിർമാണശൈലിയും കേരളീയ ശൈലിയും ചേർന്നതാണ്‌ ഇതിന്റെ നിർമിതി. കോർപറേഷൻ ഓഫീസായി പ്രവർത്തനം തുടങ്ങിയതോടെ പല ഘട്ടങ്ങളിലായി കൂട്ടിച്ചേർക്കലും അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ട്‌. കൂട്ടിച്ചേർക്കലും ഘടനാപരമായ മാറ്റങ്ങളും ഉൾപ്പെടെ ഒഴിവാക്കി പഴയ കെട്ടിടത്തിന്റെ തനതുസ്വഭാവം വീണ്ടെടുക്കുകയാണ്‌ ചെയ്യുകയെന്ന്‌ പുരാവസ്‌തു വകുപ്പ്‌ അധികൃതർ പറഞ്ഞു. 18 മാസമാണ്‌ കരാർ കാലാവധിയെങ്കിലും സങ്കീർണമായ പ്രവൃത്തിയായതിനാൽ അൽപ്പം നീളാം.