KOYILANDY DIARY.COM

The Perfect News Portal

 ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയർത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാലിന്

ഫറോക്ക്: ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയർത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാലിന് നടക്കും. വിദേശ യാത്രാ –ചരക്ക്‌ കപ്പലുകൾ നങ്കൂരമിടുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെ ലഭ്യമാക്കുന്നതിനുമായി ഇന്റർനാഷണൽ ഷിപ്പ് ആൻഡ്‌ പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്‌പിഎസ്) സർട്ടിഫിക്കേഷൻ തുറമുഖത്തിന്‌ ലഭിച്ചിരുന്നു. 
മർക്കന്റയിൽ മറൈൻ നിയമമനുസരിച്ച് ഐഎസ്‌പിഎസ് കോഡിൽ ഉൾപ്പെടുന്ന തുറമുഖങ്ങളിലാണ് വിദേശ വിനോദ, യാത്ര കാർഗോ കപ്പലുകളടുപ്പിക്കാൻ അനുമതിയുള്ളത്. കോഡ് ലഭിച്ചതോടെ വിദേശ കാർഗോ- പാസഞ്ചർ കപ്പലുകൾക്ക് ബേപ്പൂരിലേക്ക് നേരിട്ടെത്തുന്നതിന് സൗകര്യമൊരുങ്ങി. 
ഇതോടെ അന്താരാഷ്ട്ര  യുണീക്‌ ഐഡന്റിറ്റി നമ്പർ ലഭിക്കുന്ന സംസ്ഥാനത്തെ പ്രധാന തുറമുഖമായി ബേപ്പൂർ മാറി. വലിയ കപ്പലുകൾക്ക് തുറമുഖത്ത് നങ്കൂരമിടുന്നതിനായി കപ്പൽ ചാലും വാർഫ് ബേസിനും ആഴം കൂട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തുറമുഖ വികസനം മലബാറിന്റെ വ്യവസായ – വാണിജ്യ സാമ്പത്തിക വളർച്ചക്കും ആക്കം കൂട്ടും. 
ഐഎസ്‌പിഎസ് കോഡിന് കീഴിൽ വരുന്നതിന് മുന്നോടിയായി മർക്കന്റയിൽ മറൈൻ ഡിപ്പാർട്ട്മെന്റ്‌ (എംഎംഡി ) നിബന്ധന പ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങൾ നേരത്തെ ഏർപ്പെടുത്തിയിരുന്നു. തുറമുഖ കവാടത്തിൽ എക്സ്റേ സ്കാനിങ്, മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങളും കപ്പലുകളെയും മറ്റു യാനങ്ങളെയും തിരിച്ചറിയാൻ സാധിക്കുന്ന ഓട്ടോമാറ്റിക് റഡാർ സംവിധാനവും അത്യാധുനിക ഇലക്ട്രോണിക് വാർത്താവിനിമയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്‌. തുറമുഖത്തിന്റെ ചുറ്റുമതിൽ ഉയരംകൂട്ടി മുകളിൽ കമ്പിവേലിയും സ്ഥാപിച്ചു.
നാലിന്‌  തിങ്കളാഴ്ച പകൽ മൂന്നരക്കാണ്  പരിപാടി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എംഎൽഎമാരായ  എം മുകേഷ്, കെ വി സുമേഷ്, എം വിൻസന്റ്‌ തുടങ്ങിയവർ പങ്കെടുക്കും. മന്ത്രിമാരെയും എംഎൽഎമാരെയും മാത്തോട്ടം മേൽപ്പാലത്തിന് സമീപത്തുനിന്ന്‌ ബേപ്പൂർ തുറമുഖ പരിസരത്തേക്ക് തുറന്ന വാഹനത്തിൽ ആനയിക്കും.

 

Share news