KOYILANDY DIARY

The Perfect News Portal

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു

ഇടുക്കി: ചിന്നക്കനാൽ പഞ്ചായത്തുകളിലെ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു. നിലവിള ശങ്കരപാണ്ഡ്യമെട്ട് എന്ന ഭാഗത്തായിരുന്നു ആനയുള്ളത്. വെള്ളി രാവിലെ മയക്കുവെടി വയ്‍ക്കാനുള്ള സർവ സന്നാഹങ്ങളുമായി കാത്തിരുന്ന ദൗത്യസംഘത്തെയും നാട്ടുകാരെയും നിരാശരാക്കി കൊമ്പൻ അപ്രത്യക്ഷനായിരുന്നു. 13മണിക്കൂറിന് ശേഷം വൈകിട്ട് 5.30ഓടെയാണ് ശങ്കരപാണ്ടിമെട്ടിലെ ഏലത്തോട്ടത്തിൽ വനപാലകർ അരിക്കൊമ്പനെ കണ്ടത്. എട്ടോടെ അരിക്കൊമ്പനെ ദൗത്യ സ്ഥലത്തെത്തിച്ച് മയക്കുവെടി വയ്‍ക്കാനാണ് തീരുമാനം.

അരിക്കൊമ്പൻ അത്ര നിസ്സാരക്കാരനയ കൊമ്പനല്ല. 35 വയസ്സാണ്‌ കണക്കാക്കുന്നത്‌. ശത്രുക്കളെ കണ്ടും സ്ഥിതിഗതികൾ നിരീക്ഷിച്ചും മുങ്ങാനുമറിയാം. 2017ന്‌ ശേഷം ഇത്‌ രണ്ടാംതവണയാണ്‌ കുതറിമാറുന്നത്‌. കഴിഞ്ഞദിവസം എല്ലാ സന്നാഹങ്ങളുമായി 160 അംഗ ദൗത്യസംഘം പല ഗ്രൂപ്പായി തിരിഞ്ഞ്‌ നീങ്ങിയെങ്കിലും എല്ലാവരേയും പറ്റിച്ച്‌ കാണാമറയത്ത്‌ നിലയുറപ്പിച്ചു.

Advertisements

ചിന്നക്കനാൽ, ശാന്തൻപാറ വനപ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളുമാണ്‌ അവന്റെ വിഹാരകേന്ദ്രം. ഒരു ദിവസം 40 മുതൽ 70 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നാണ്‌ വനംവകുപ്പ്‌ കണ്ടെത്തിയിട്ടുള്ളത്‌. പിടിയാനയും കുട്ടിയാനയും മറ്റ്‌ ആനകളുമായാണ്‌ യാത്രയെങ്കിലും തനിച്ചും നിൽക്കാറുണ്ട്‌. ഇടയ്‌ക്ക്‌ തേയിലത്തോട്ടങ്ങളിലും പ്ലന്റേഷനിലും കിടന്നുറങ്ങും. മനുഷ്യരേയും പേടിയില്ല. ആക്രമിക്കാൻ വന്നാലും ഇല്ലെങ്കിലും അടുത്തുകൂടിപോയാൽ പിന്നെ നേക്കേണ്ടതില്ല.

2017ൽ രണ്ട്‌തവണ മയക്കുവെടിവച്ച്‌ പിടികൂടാൻ രണ്ട്‌ കുങ്കിയാനകളെയാണ്‌ മേഖലയിലെത്തിച്ചത്‌. കലിം, വെങ്കിടേഷ്‌ എന്നീ കുങ്കികളെയാണ്‌ അരിക്കൊമ്പനെ വരുതിയിലാക്കാൻ എത്തിച്ചത്‌. അന്ന്‌ ജൂലൈ 25ന്‌ രവിലെ തന്നെ ദൗത്യം ആരംഭിച്ചിരുന്നു. ശങ്കരപാണ്ഡ്യമെട്ടിലാണ്‌ അന്നും നിലയുറപ്പിച്ചിരുന്നത്‌. പലതവണ മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാതിരുന്നതിനാൽ തളയ്‌ക്കാനുള്ള പദ്ധതി പാളുകയായിരുന്നു. ആദ്യത്തെ വെടിയിൽ അൽപ്പം മയങ്ങി നിന്നശേഷം പിന്നീട്‌ ഓടിപ്പോയി. രണ്ടാമത്‌ മരത്തിനിടയിൽ നിന്നശേഷം മുങ്ങുകയായിരുന്നു. വൈകിട്ടാണ്‌ ദൗത്യം അവസാനിപ്പിച്ചത്‌. രണ്ടംദിനം പെരിയകനാലിന്‌ സമീപംവച്ച്‌ മൂന്ന്‌ മയക്കുവെടി വച്ചെങ്കിലും പൂർണമായി മയങ്ങിയില്ല. മാത്രമല്ല, കുങ്കിയാനകൾ ഇടഞ്ഞതിനെ തുടർന്ന്‌ അരിക്കൊമ്പനെ പിടികൂടാനാവാതെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

Advertisements