KOYILANDY DIARY.COM

The Perfect News Portal

പെരുവണ്ണാമൂഴി ചക്കിട്ടപാറ റൂട്ടിലെ ലോഹ തൂണുകൾ പിഴുതു മാറ്റണം. താലൂക്ക് വികസന സമിതി യോഗത്തിൽ പ്രതിഷേധം

പേരാമ്പ്ര : മലയോര ഹൈവേയുടെ നിർമ്മാണം നടക്കുന്ന പെരുവണ്ണാമൂഴി ചക്കിട്ടപാറ റോഡിൽ കെഎസ്ഇബി ഒരു വർഷം മുമ്പ് സ്ഥാപിച്ച 56 ലോഹ തൂണുകൾ പിഴുതു മാറ്റാൻ വൈകുന്നതിൽ കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ അംഗം രാജൻ വർക്കിയുടെ പ്രതിഷേധം. കെ. ആർ. എഫ്. ബി യും, കെ.എസ്.ഇ .ബി യും തങ്ങളുടെ നിലപാടുകൾ രേഖകൾ ഉദ്ധരിച്ച് അവതരിപ്പിക്കുകയുണ്ടായി.
തൂണുകൾ പിഴുതു മാറ്റാൻ 49 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യ
പ്പെട്ട് കിഫ്ബിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ഇരു വകുപ്പുകളും യോഗത്തിൽ അറിയിച്ചു. കരാറുകാരായ യു.എല്‍.സി.സി.എ സിന്റെ നേതൃത്വത്തിൽ അതിവേഗം ഹൈവേ പ്രവർത്തി പുരോഗമിക്കുകയാണെന്നു രാജൻ വർക്കി പറഞ്ഞു. റോഡിന്റെ യഥാർത്ഥ വീതി നിർണയിക്കാതെയാണ് പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറക്ക് വൈദ്യുതി കൊണ്ടുപോകാനാൻ കെ എസ് ഇ ബി ലോഹ തൂണുകൾ സ്ഥാപിച്ചത്.
ഹൈവേ പ്രവർത്തിക്കായി പാതയുടെ വീതി നിർണയിച്ചപ്പോൾ തൂണുകളെല്ലാം റോഡിലാണെന്ന് നിർണയിക്കപ്പെട്ടു. തൂണുകൾ സ്ഥാപിച്ച വശത്ത് ഓവുചാൽ നിർമ്മിക്കുന്ന പണിയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ വശത്തുള്ള വീടുകൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വഴി പുനർ നിർമ്മിക്കാനും ഓവുചാലിന്റെ പണി പൂർത്തിയാക്കാനും തൂണുകൾ തടസമാവുകയാണ്. പ്രശ്നം പല തവണ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
കഴിഞ്ഞ മാസം താലൂക്ക് വികസന സമിതിയിലും വിഷയം പരാതിയായി എത്തി. വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഉദാസീന നയവും ജനദ്രോഹകരമായി മാറിയിരിക്കുകയാണെന്നാരോപിച്ചാണ് പ്ലക്കാർഡ് കഴുത്തിൽ തൂക്കി രാജൻ വർക്കി  പ്രതിഷേധിച്ചത്.  ഈ മാസം 30 നുള്ളിൽ തൂണുകൾ പിഴുതു മാറ്റാൻ നടപടി ഉണ്ടായില്ലെങ്കിൽ നോക്കു കുത്തിയായി വഴിയിൽ നിൽക്കുന്ന തൂണിനു മുമ്പിൽ നിന്നു ചിരട്ടയെടുത്ത് ജനങ്ങളോട് ഭിക്ഷ യാചിച്ച് പണം സ്വരൂപിച്ച്‌ ഇരു വകുപ്പുകൾക്കും നൽകാൻ തഹസിൽദാർക്ക് കൈമാറുമെന്നും രാജൻ വർക്കി സമിതിയിൽ അറിയിച്ചു.
Share news