പെരുവട്ടൂർ നടേരി റോഡിലെ മണലിക്കണ്ടിതാഴ കൽവർട്ടും അപകട ഭീഷണിയിൽ
കൊയിലാണ്ടി: പെരുവട്ടൂർ നടേരി റോഡിലെ മണലിക്കണ്ടിതാഴ കൽവർട്ടും അപകട ഭീഷണിയിൽ. അക്വഡക്ടിനു സമീപം മണലിക്കണ്ടിതാഴയുള്ള കൽവർട്ടാണ് അടി ഭാഗത്തെ കോൺഗ്രീറ്റ് പൂർണ്ണമായും അടർന്ന് വീണ് കമ്പി പുറത്തായ നിലയിലുള്ളത്. കമ്പികളാണെങ്കിൽ കാലപ്പഴക്കംകാരണം 90 ശതമാനവും തുരുമ്പെടുത്ത് ദ്രവിച്ചിട്ടുണ്ട്. ബസ്സ് റൂട്ടുള്ള റോഡായതിനാൽ കൽവർട്ട് തകർന്നാൽ വൻ ദുരന്തമാണ് ഉണ്ടാവുകയെന്ന് നാട്ടുകാർ ഭയപ്പെടുന്നു. മണ്ണെടുക്കുന്നതിനായി വഗാഡിൻ്റെ ഹെവി വാഹനവും ഇതിലൂടെയാണ് കടന്നുപോകുന്നത്.

ഇന്ന് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം ആരംഭിച്ച തകർന്ന കൽവർട്ടിൻ്റെ നിർമ്മാണ പ്രവൃത്തിയുടെകൂടെ മണലിക്കണ്ടിതാഴയുള്ള അപകട ഭീഷണി നേരിടുന്ന കൽവർട്ടും പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാർ പറയുന്നത്. കക്കുളത്തിനു സമീപമുള്ള കൽവർട്ടും അടിഭാഗം തകർന്ന് കമ്പി പുറത്തായ നിലയിലാണുള്ളത്. ഇതു മുമ്പ് വാർത്തയായിരുന്നു. പക്ഷെ ഇതുവരെയും നടപടിയായിട്ടില്ല.


കഴിഞ്ഞ ദിവസം കൽവർട്ട് തകർന്ന് ഗർത്തം രൂപപെട്ട സ്ഥലത്ത് നഗരസഭ എഞ്ചനീയറിംഗ് വിഭാഗം ഇന്ന് പുതുക്കിപ്പണിയുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വിയ്യൂർ സ്വദേശി ബൈക്കിൽ സഞ്ചരിക്കവെ ഗർത്തത്തിൽ അകപ്പെട്ട് കാലിന് ഗുരുതരമായി പരിക്കേൽക്കുന്ന സ്ഥിതിയുണ്ടായിരുന്നു. തുടർന്നാണ് നഗരസഭ കൽവെർട്ടിൻ്റെ പ്രവൃത്തി ആരംഭിച്ചത്.






