KOYILANDY DIARY.COM

The Perfect News Portal

ബൈപ്പാസ് ഉദ്ഘാടനം അൽപ്പസമയത്തിനകം പേരാമ്പ്രക്കാർക്ക് ഇത് സ്വപ്ന സാഫല്യം

പേരാമ്പ്രക്കാർക്ക് ഇത് സ്വപ്ന സാഫല്യം.. പേരാമ്പ്രയുടെ ചിരകാല സ്വപ്നമായ ബൈപാസ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. പേരാമ്പ്ര ചെമ്പ്ര റോഡ്  ഗ്രൗണ്ടിൽ ചേരുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ടൗണിൽ രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന്‌ പരിഹാരമായി ബൈപാസ് നിർമിക്കാൻ 2008ലെ എൽഡിഎഫ് സർക്കാരാണ് നടപടി ആരംഭിച്ചത്.
 2016ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയശേഷം സ്ഥലം ഏറ്റെടുത്ത്‌ നിർമാണ നടപടി  തുടങ്ങി. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. പിണറായി സർക്കാർ അധികാരമേറ്റതോടെ പേരാമ്പ്ര മണ്ഡലത്തിൽ കോടികളുടെ വികസന പദ്ധതികളാണ് നടപ്പാക്കിയതെന്ന് ടി പി രാമകൃഷ്ണൻ എംഎൽഎ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബുവും പങ്കെടുത്തു.
2.73 കി.മീ, നീളത്തിൽ ഏഴുമീറ്റർ വീതിയിലാണ് റോഡ് നിർമ്മിച്ചത്. 46.65 കോടി ചെലവ്; പേരാമ്പ്ര ബസ്സ്റ്റാൻഡിന് മുന്നിലൂടെയാണ് കുറ്റ്യാടി-കോഴിക്കോട് റോഡ് കടന്നുപോകുന്നത്. കല്ലോട് എൽ.ഐ.സി.ക്ക് സമീപംമുതൽ കക്കാടുവരെ 2.73 കിലോമീറ്റർ നീളുന്ന ബൈപ്പാസ് റോഡ് നിർമിച്ചതോടെ നഗരത്തിലെത്താതെത്തന്നെ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. 2021 ഫെബ്രുവരി 14-നായിരുന്നു ബൈപ്പാസ് പദ്ധതിയുടെ നിർമാണോദ്ഘാടനം. രണ്ടുവർഷംകൊണ്ട് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിങ് നടത്തി ആധുനികരീതിയിൽ പാത സജ്ജമാക്കാൻ കഴിഞ്ഞു. റോഡിനുമാത്രം ഏഴുമീറ്റർ വീതി വരും. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്.
രണ്ട് സംസ്ഥാന ബജറ്റുകളിലായി 30 കോടി രൂപ വകയിരുത്തിയെങ്കിലും പിന്നീട് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. മുൻകൈയെടുത്ത് കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. 15 മീറ്ററിലാണ് ആദ്യം നിർമിക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് 12 മീറ്ററിലായി ചുരുക്കേണ്ടിയും വന്നു. ഏറ്റെടുത്ത ഭൂമിയിൽ 3.68 ഹെക്ടർ നിലമാണ്. ഇതിന് തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള അനുമതിക്കായി ജൈവവൈവിധ്യ ബോർഡിന്റെ പരിശോധനയ്ക്കും ഏറെ കാലതാമസം വന്നു.
Share news