KOYILANDY DIARY.COM

The Perfect News Portal

ഗവര്‍ണര്‍ അസാധാരണ നടപടി സ്വീകരിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ അസാധാരണമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും ഗവര്‍ണര്‍ ആളുകളുടെ നേരെ ചാടി കയറിയിട്ടുണ്ടോ. ഒരു പ്രതിഷേധ രൂപം കാണിക്കുമ്പോള്‍ ആ പ്രതിഷേധത്തിന് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് എവിടെയെങ്കിലുമുണ്ടോ?- അദ്ദേഹം ചോദിച്ചു.

ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. അതാണ് അദ്ദേഹം ഇവിടെ സ്വീകരിച്ചത്. മാത്രമല്ല, എന്താണ് അവരുടെ നേരെ വിളിച്ചുപറയുന്നത്. ക്രിമിനല്‍സ്, ബ്ലഡി, റാസ്‌ക്കല്‍സ് എന്നൊക്കെയുള്ള എന്തെല്ലാം കഠിന പദങ്ങളാണ് വിളിച്ചുപറയുന്നത്. അങ്ങനെ ഏതൊക്കെ തരത്തിലാണ് കുട്ടികളെ വിശേഷിപ്പിക്കുന്നത്. 

ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ വിധത്തിലാണോ ചെയ്യേണ്ടത്. സാധാരണ അങ്ങനെയാണോ സമീപിക്കുക. ആ തരത്തില്‍ നേരിട്ട് കൈകാര്യം ചെയ്യാനാണോ ഉന്നതസ്ഥാനമുള്ളത്. അതിന് അതിന്റേതായ വഴികളുണ്ട്. ആ വഴികള്‍ സ്വീകരിക്കുക. തെറ്റായ രീതിയില്‍ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നോക്കാനാണല്ലോ നിയമക്രമപാലനത്തിന് ഉദ്യോഗസ്ഥര്‍ ഉള്ളത്, അവര്‍ നോക്കില്ലെ.എന്തും വിളിച്ചു പറയാനുള്ള മാനസീകാവസ്ഥയില്‍ അദ്ദേഹം എത്തി. വ്യക്തിപരം മാത്രമല്ല, ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. ബ്ലഡി കണ്ണൂര്‍ എന്നാണ് പറയുന്നത്. കേന്ദ്രം തന്നെ ഇക്കാര്യങ്ങള്‍ ശക്തമായി പരിശോധിക്കണം. 

Advertisements

കേരളത്തില്‍ ശാന്തമായ അന്തരീക്ഷമാണുള്ളത്. ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണദ്ദേഹം. വേറെ എന്തോ ഉദ്ദേശമുണ്ട്. അതിനായി അദ്ദേഹം തന്നെ പ്രചാരണം നടത്തുന്നു. ഇതുപോലൊരു വ്യക്തിയെ മുരളീധരനെ പോലെ അപൂര്‍വ്വം ആളുകള്‍ക്ക് ഉള്‍ക്കൊള്ളാനാകും. വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട സമയമായി. അതിനുള്ള നടപടി സ്വീകരിക്കും. ആ നിലയിലാണ് കാര്യങ്ങളുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Share news