KOYILANDY DIARY.COM

The Perfect News Portal

‘ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണം എന്ന നിലപാട് തന്നെയാണ് സർക്കാരിന്’: മന്ത്രി വീണാ ജോർജ്

ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന നിലപാട് തന്നെയാണ് സംസ്ഥാന സർക്കാരിനെന്ന് മന്ത്രി വീണാ ജോർജ്. നിലവിൽ കേരളത്തിലാണ് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത്. പ്രമേയ അവതാരകൻ എസ് യു സി ഐ യുടെ നാവായി മാറിയത് കേരളത്തിന് അപമാനമെന്നും മന്ത്രി വിമർശിച്ചു. എസ് യു സി ഐയെ ന്യായീകരിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.

എസ് യു സി ഐ യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ചെറിയ ഒരു വിഭാഗം ആശ മാരുടെ അതേ വാദം ഉയർത്തിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എസ് യു സി ഐ യുടെ നാവായി യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ കൂടിയായ പ്രമേയ അവതാരകൻ മാറിയെന്ന് മന്ത്രി വീണ ജോർജ് വിമർശിച്ചു.

 

രാജ്യത്ത് ഏറ്റവും ഉയർന്ന ഓണറേറിയം ആശമാർക്ക് നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാരിൻറെ കാലത്ത് ആശമാരെ തൊഴിലാളികളായി പരിഗണിക്കണം എന്ന ആവശ്യം പോലും അവർ കേന്ദ്രത്തോട് ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സമരം ചെയ്യാൻ ആർക്കും അവകാശമുണ്ടെന്ന് വാദിച്ച പ്രതിപക്ഷ നേതാവ് ആശ മാരോട് കേന്ദ്രം കാണിക്കുന്ന അവഗണനയിൽ ഒരു വാക്ക് പോലും പറയാൻ തയ്യാറായില്ല.

Advertisements

 

മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവിന് അനുവദിച്ച സമയം കഴിഞ്ഞു പ്രസംഗം അവസാനിപ്പിക്കാത്തതിനെത്തുടർന്ന് സ്പീക്കർ ഇടപെട്ടു. സ്പീക്കറെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവും. തുടർന്ന് സഭയുടെ നടുത്തളത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ മുഖം മറച്ച് ബാനർ വലിച്ചുയർത്തിയായിരുന്നു പ്രതിഷേധം. ഈ സാഹചര്യത്തിൽ സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു. മാർച്ച് 10നാണ് ഇനി നിയമസഭ ചേരുക.

Share news