KOYILANDY DIARY.COM

The Perfect News Portal

കാശ്മീരിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച 4 മലയാളികളുടെ മൃതദേഹം സർക്കാർ നാട്ടിലെത്തിക്കും

പാലക്കാട്: ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച 4 മലയാളികളുടെ മൃതദേഹം സർക്കാർ ഇടപെടലിൽ നാട്ടിലെത്തിക്കും. ഇതിനായി നോർക്കയുടെ 3 ഉദ്യോ​ഗസ്ഥർ ശ്രീന​ഗറിലേക്ക് തിരിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളുൾപ്പെടെ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരും. പരിക്കേറ്റവർക്ക് വിദ​ഗ്ധ ചികിത്സയും  ഉറപ്പാക്കുമെന്ന് സർക്കാർ പ്രതിനിധി കെ വി തോമസ് പറഞ്ഞു. 

ശ്രീനഗർ–ലേ ഹൈവേയിലെ സോജില ചുരത്തിലാണ് അപകടം നടന്നത്. കാർഗിലിലേക്ക്‌ പുറപ്പെട്ട സഞ്ചാരികളുടെ രണ്ടു വാഹനങ്ങളിൽ ഒന്ന്‌ ചൊവ്വ ഉച്ചയ്ക്കാണ് അപകടത്തിൽപ്പെട്ടത്‌. നാല് പേർ സംഭവസ്ഥലത്ത് മരിച്ചു. പുറത്തേക്ക്‌ തെറിച്ചുവീണവരാണ്‌ പരിക്കുകളോടെ രക്ഷപ്പെട്ടത്‌. അപകടത്തിൽപ്പെട്ട വാഹനത്തിൽ ഡ്രൈവറടക്കം എട്ടുപേരും രണ്ടാമത്തേതിൽ ഏഴുപേരുമാണ്‌ ഉണ്ടായിരുന്നത്. റോഡിൽ മഞ്ഞു വീണ് വാഹനം തെന്നിയതാണ് അപകടകാരണമെന്ന്‌ പൊലീസ് പറഞ്ഞു. മരിച്ച 4 പേരും പാലക്കാട് ചിറ്റൂർ സ്വദേശികളാണ്. 

ചിറ്റൂർ ടെക്‌നിക്കൽ  ഹൈസ്‌കൂളിന്‌ സമീപം  നെടുങ്ങോട്  പരേതനായ രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), ശിവന്റെ മകൻ വിഘ്നേഷ് (21), പരേതനായ കൃഷ്ണന്റെ മകൻ  രാഹുൽ (27) എന്നിവരാണ്‌ മരിച്ചത്‌. വാഹന ഡ്രൈവർ ജമ്മു കശ്‌മീർ സ്വദേശി ഐജാസ്‌ അഹമ്മദും മരിച്ചു. മരിച്ച രാഹുലിന്റെ സഹോദരൻ രാജേഷ് (32), മനോജ് (24), അരുൺ (26) എന്നിവരാണ് ചികിത്സയിലുള്ളത്.  ഒരാളുടെ നില ഗുരുതരമാണ്‌.

Advertisements
Share news