KOYILANDY DIARY.COM

The Perfect News Portal

കേരളത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ്‌ സർക്കാർ ശ്രമിക്കുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ വരുംവിധം കേരളത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി പുതിയ കോഴ്‌സുകളും പശ്‌ചാത്തല സൗകര്യവികസനവും സർവകലാശാലകളും വിദ്യഭ്യാസ സ്ഥാപനങ്ങളും ഉണ്ടാകും. ഇത്‌ ഒറ്റ ദിവസംകൊണ്ട്‌ നേടാനാകില്ല.

നമ്മുടെ കുട്ടികൾ പുറത്തേക്കുപോകുന്നതിൽ ഒരാശങ്കയും ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പായി നിയമിതനായ മാർ റാഫേൽ തട്ടിലിന്‌ നൽകിയ സ്വീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്‌ ജീവിക്കാൻ പറ്റാത്ത നാടായി എന്ന്‌ വിഷമിക്കേണ്ടതില്ല. ലോകത്ത്‌ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ഒരു രാജ്യത്തുനിന്ന്‌ കോവിഡ്‌ കാലത്ത് എങ്ങനെയെങ്കിലും കേരളത്തിലെത്തണമെന്ന്‌ മലയാളികൾ ആഗ്രഹിച്ചു. നമ്മളൊരുക്കിയ സൗകര്യങ്ങളെ മറികടന്നുപോകാൻ കോവിഡിനായില്ല.

 

നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനും ആരോഗ്യ സംരക്ഷണത്തിനും ക്രിസ്‌ത്യൻ മിഷണറിമാർ വലിയ പങ്കുവഹിച്ചു. ഇത്തരത്തിൽ സമർപ്പിത ജീവിതം നയിച്ച ഗ്രഹാം സ്‌റ്റെയിൻസിനും കുടുംബത്തിനും മതനിരപേക്ഷത കൊടികുത്തിവാഴുന്ന രാജ്യത്ത്‌ ജീവൻ വെടിയേണ്ടിവന്നത്‌ നമ്മുടെ മനസ്സിലുണ്ടാകണം. സിറോ മലബാർ സഭയ്‌ക്ക്‌ ഒരു പരാതിയും ഈ സർക്കാരിനെക്കുറിച്ച്‌ ഉണ്ടാകില്ല. വലിയതോതിലുള്ള ഒരു പ്രശ്‌നമുണ്ടായ സമയത്ത്‌ ഏറ്റവും നിഷ്‌പക്ഷവും കാര്യക്ഷമവുമായാണ്‌ സർക്കാർ ഇടപെട്ടത്‌. അന്ന്‌ അങ്ങനെ ഇടപെട്ടില്ലായിരുന്നെങ്കിൽ എന്ത്‌ സംഭവിക്കുമായിരുന്നു എന്ന്‌ ചിന്തിക്കണം.

Advertisements

 

വലിയതോതിലുള്ള അനുഭവ പരിജ്ഞാനം പുതിയ ഉത്തരവാദിത്വം മികച്ച നിലയിൽ നിറവേറ്റാൻ മാർ റാഫേൽ തട്ടിലിനെ പ്രാപ്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലൂർദ്‌ ഫൊറോന ദേവാലയത്തിൽ നടന്ന ചടങ്ങിൽ ചങ്ങനാശേരി അതിരൂപതാ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷനായി. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്‌ ബിഷപ്‌ കർദിനാൾ മാർ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവാ, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്‌ ബിഷപ്‌ ഡോ. തോമസ്‌ ജെ നെറ്റോ, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ്‌ തറയിൽ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്‌റ്റിൻ, ശശി തരൂർ എംപി, ശർമിള മേരി ജോസഫ്‌ എന്നിവർ സംസാരിച്ചു.

Share news