ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര. കെഎസ്ആ ർടിസിയുടെ പ്രത്യേക വാഹനത്തിലാണ് യാത്ര. വൈകിട്ടോടെ തിരുനക്കര മൈതാനത്തെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുന്നത്. തിരുനക്കര മൈതാനത്തെ പൊതുദർശനത്തിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിക്കും.


വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും.


ജനങ്ങൾ യാത്രയ്ക്കായി സമാന്തര റോഡുകൾ സ്വീകരിക്കണമെന്ന് പൊലീസ് പറഞ്ഞു. എം സി റോഡ് വഴിയുള്ള യാത്രകൾ പൊതുജനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും പൊലീസ് പറഞ്ഞു. ഗതാഗത നിയന്ത്രണത്തെ തുടർന്ന് കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

