KOYILANDY DIARY.COM

The Perfect News Portal

അടിപ്പാത അനുവദിക്കുന്നില്ല; തിക്കോടിയിൽ പ്രക്ഷോഭം ശക്തമാകുന്നു

തിക്കോടി ടൗണിൽ അടിപ്പാതയ്ക്കുവേണ്ടി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. രണ്ടു വർഷത്തിലേറെയായി നടത്തിവരുന്ന ജനകീയ സമരത്തെ അവഗണിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. റോഡിന്റെ ഇരു ഭാഗങ്ങളിലും വൻ മതിലുകൾ കെട്ടി ആറുവരി പാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ റെയിൽവേ സ്റ്റേഷൻ, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, ജില്ലാ മണ്ണ് പരിശോധന കേന്ദ്രം, കോടിക്കൽ ഫിഷ് ലാൻഡിങ് സെന്റർ, സ്കൂളുകൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരപാത പൂർണമായും അടഞ്ഞു പോകും.
വടക്ക് പഞ്ചായത്ത് ബസാർ കഴിഞ്ഞാൽ തെക്ക് ഭാഗത്തേക്ക് മൂന്നര കിലോമീറ്റർ സഞ്ചരിച്ച് നന്തി ടൗണിൽ എത്തിയാലാണ് ഇപ്പോൾ റോഡ് ക്രോസ് ചെയ്യാനുള്ള സംവിധാനം ഉള്ളത്. ഇതിനിടയിലുള്ള ജനനിബിഡമായ ഒരു വലിയ പ്രദേശമാണ് സഞ്ചാരപാത അടഞ്ഞ് പൂർണ്ണമായും ഒറ്റപ്പെടാൻ പോകുന്നത്. തിക്കോടി ടൗണിൽ ഒരു മിനി അണ്ടർ പാസ് സ്ഥാപിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. ഇക്കാര്യം ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂലമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
പ്രതിഷേധ സംഗമത്തിൽ ചെയർമാൻ വി കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന പ്രശ്നത്തിൽ അധികൃതർ കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണെന്നും അടിപ്പാത അനുവദിച്ചു കിട്ടുന്നതുവരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല, മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി റംല, ഇബ്രാഹിം തിക്കോടി, ശ്രീധരൻ ചെമ്പുംചില, ഭാസ്കരൻ തിക്കോടി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ കെ വി സുരേഷ് കുമാർ സ്വാഗതവും വൈസ് ചെയർമാൻ കെ വി മനോജ് നന്ദിയും പറഞ്ഞു.
Share news