അഗ്നിരക്ഷാസേനയെ കാലത്തിന് അനുസരിച്ച് ആധുനികവൽക്കരിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: അഗ്നിരക്ഷാസേനയെ കാലത്തിന് അനുസരിച്ച് ആധുനികവൽക്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻറെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അഗ്നിരക്ഷാസേനയെ നവീകരിക്കുന്ന പ്രവർത്തനങ്ങൾ 2016 മുതൽ ആരംഭിച്ചു.

ആധുനികവൽക്കരണത്തിന് 77 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ മാറ്റിവച്ചത്. ഇതിൽ 72.50 കോടിയും ആധുനിക ഉപകരണങ്ങൾ വാങ്ങാനായി ചെലവാക്കി. അഗ്നിരക്ഷാസേനയുടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും നാടിൻറെ അഭിമാനമായി സേന മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ ഷജിൽകുമാർ അധ്യക്ഷനായി. ജി സ്റ്റീഫൻ എംഎൽഎ, ഫയർ ആൻഡ് റെസ്ക്യൂ മേധാവി കെ പത്മകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ടെക്നിക്കൽ ഡയറക്ടർ എം നൗഷാദ്, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അരുൺ അൽഫോൺസ്, അസോസിയേഷൻ ജനറൽ സെക്രട്ടറി വി പ്രണവ്, ട്രഷറർ ബൈജു കോട്ടായി, എ ഹേമചന്ദ്രൻ, കെ അബ്ദുൽ റഷീദ്, എസ് സൂരജ്, എം ബിജു, എൻ ഷജി, പി സജു, വി കെ അഫ്സൽ, എസ് ബി സജിത്, പി എം റഷീദ് എന്നിവർ സംസാരിച്ചു.

