KOYILANDY DIARY.COM

The Perfect News Portal

ആഘോഷരാവുകൾക്ക് കൊടിയിറങ്ങി

കോഴിക്കോടിന് പുത്തൻ കാഴ്ചകളുടെ പൊന്നോണം സമ്മാനിച്ച സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം “മാവേലിക്കസ് 2025′-ന് പ്രൗഢഗംഭീര സമാപനം. സമാപന സമ്മേളനം ലുലു മാളിലെ വേദിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ ജനത ഓണപ്പരിപാടികൾ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർഷവും അതിഗംഭീരമായി ഓണാഘോഷം നടത്തും.

അടുത്ത വർഷത്തെ ഓണസമ്മാനമായി കോഴിക്കോടിനെ കനാൽ സിറ്റിയാക്കുന്ന പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിന്റെ മാധ്യമ പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിൽ ഒന്നുമുതൽ ഏഴുവരെയാണ് ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ നടന്നത്.

 

സിനിമ, സംഗീതമേഖലയിലെ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള സംഗീത, നൃത്ത പരിപാടികളും നാടകോത്സവം, നാടൻ കലാകാരന്‍മാരുടെ വിവിധ കലാപ്രകടനങ്ങൾ എന്നിവയാൽ കോഴിക്കോടിനെ ആവേശപ്പൂരത്തിലാക്കിയാണ് ഓണാഘോഷം കൊടിയിറങ്ങിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പത് വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാള്‍, ഭട്ട് റോഡ് ബീച്ച്, തളി കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ ഹാള്‍, ബേപ്പൂര്‍, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുമായി 50-ഓളം കലാകാരന്മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

Advertisements

 

Share news