KOYILANDY DIARY

The Perfect News Portal

‘20 മിനിറ്റ് സിറ്റി’ പദ്ധതിയുടെ നയത്തിന് ദുബായ് ഗതാഗത വകുപ്പിന്‍റെ അംഗീകാരം

ദുബായ്: എല്ലാ സേവനങ്ങളും 20 മിനിറ്റിനുള്ളിൽ ലഭ്യമാകുന്ന ‘20 മിനിറ്റ് സിറ്റി’ പദ്ധതിയുടെ നയത്തിന് ദുബായ് ഗതാഗത വകുപ്പിന്‍റെ അംഗീകാരം. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)യിലെ ആസൂത്രണത്തിന്റെ ഉന്നത സമിതിയാണ് 2024-2030 കാലത്തേക്കുള്ള സ്ട്രാറ്റജിക് പ്ലാൻ അംഗീകരിച്ചത്.

20 മിനിറ്റ് ദൈർഘ്യത്തിൽ നടന്നും സൈക്കിളിലും എത്താവുന്ന ദൂരത്തിൽ പരമാവധി സേവനങ്ങൾ ലഭ്യമാക്കുക, ഗതാഗതസൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക, മൾട്ടി-മോഡൽ ഗതാഗതത്തിന്റെ മികച്ച സംയോജനം, ഗതാഗത സേവനങ്ങൾ വികസിപ്പിക്കുക, സ്മാർട്ട് പദ്ധതികൾ നടപ്പാക്കുക എന്നിവക്കാണ് പദ്ധതി ഊന്നൽ നൽകുന്നത്. ആർടിഎ ബോർഡ് ഓഫ് എക്‌സിക്യൂട്ടിവ് ഡയറക്‌ടേഴ്‌സ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറാണ് ഉന്നത സമിതിയുടെ അധ്യക്ഷൻ.

 

ദുബായ് ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദുബായ് അർബൻ പ്ലാൻ 2040, ദുബൈ പ്ലാൻ 2030, ദുബായ് ഗവൺമെന്റ് നിർദേശങ്ങൾ, യു.എ.ഇ ഗവൺമെന്റ് വിഷൻ, ‘ഞങ്ങൾ യുഎഇ 2031’ എന്നിവയുമായി സംയോജിപ്പിച്ചാണ് ആർടിഎ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

Advertisements

 

കോപ് 28 ഉച്ചകോടിക്ക് യുഎഇ ആതിഥ്യമരുളുന്ന പശ്ചാത്തലത്തിൽ ,2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കുന്ന ലക്ഷ്യത്തിനനുസരിച്ച് ‘സീറോ-എമിഷൻ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ ഇൻ ദുബൈ 2050’ എന്ന നയത്തിനും ആർ.ടി.എ രൂപം നൽകിയിട്ടുണ്ട് . ഇതനുസരിച്ച് 2040ഓടെ എമിറേറ്റിലെ 100 ശതമാനം ടാക്സികളും ലിമോസിനുകളും ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളാക്കി മാറ്റാനും 2050ഓടെ പൊതുഗതാഗത ബസുകൾ മുഴുവൻ ഇലക്ട്രിക്, ഹൈഡ്രജൻ ഇന്ധനത്തിലോടുന്നതാക്കാനും ആർടിഎ ലക്ഷ്യമിടുന്നത്.