തിക്കോടി ബീച്ചിൽ അപായ സൂചക ബോർഡുകൾ സ്ഥാപിക്കുമെന്ന് ജില്ലാ കലക്ടർ

തിക്കോടി ബീച്ചിൽ അപായ സൂചക ബോർഡുകൾ സ്ഥാപിക്കാനും തദ്ദേശീയരായ മത്സ്യ തൊഴിലാളികളുടെ സേവനവും ലഭ്യമാക്കാനും തീരുമാനിച്ചതായി ജില്ലാ കലക്ടർ. കഴിഞ്ഞ ആഴ്ച നാലുപേർ മരണപ്പെട്ട സാഹചര്യത്തിലാണ് തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ വിവിധ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ യോഗം വിളിച്ചു ചേർത്തത്. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് യോഗത്തിൽ അധ്യക്ഷതവഹിച്ചു.
.

.
200 മീറ്റർ സ്ഥലത്താണ് ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ അപായ സൂചക ബോർഡുകൾ സ്ഥാപിക്കുക. പരിശീലനം ലഭിച്ച നാട്ടുകാരായ 9 മത്സ്യത്തൊഴിലാളികളുടെ സേവനം വാരാന്ത്യങ്ങളിലും, അവധി ദിവസങ്ങളിലും, തിരക്കുള്ള മറ്റു നാളുകളിലും ലഭ്യമാക്കും. ജാഗ്രത പുലർത്തുന്ന 250 മീറ്ററിനു പുറത്തും കഴിയാവുന്ന നിയന്ത്രണങ്ങൾ കൊണ്ടുവരും.

ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി, പയ്യോളി നഗരസഭാ സെക്രട്ടറി എം. വിജില, കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, തിക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. സന്ദീപ്, മൂടാടി പഞ്ചായത്ത് സെക്രട്ടറി പി ജിജി, ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ടി. നിഖിൽദാസ്, പയ്യോളി സബ് ഇൻസ്പെക്ടർ പ്രകാശ് എന്നിവർ പങ്കെടുത്തു.
