തൃശൂരിലെ ഗൃഹനാഥൻ്റെ മരണം കൊലപാതകം. മകന്‍ അറസ്റ്റില്‍
തൃശൂരിലെ ഗൃഹനാഥൻ്റെ മരണം കൊലപാതകം. മകന്‍ അറസ്റ്റില്‍. ഞായറാഴ്ചയായിരുന്നു അവണൂര്‍ സ്വദേശി ശശീന്ദ്രൻ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം രക്തം ഛർദ്ദിച്ച് മരിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചെന്നായിരുന്നു ആദ്യ സംശയം എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സംശയം മകനായ മയൂരനാഥിലേക്ക് തിരിഞ്ഞത്.
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ചോദ്യം ചെയ്യലിനായി മയൂരനാഥിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മെഡിക്കല്‍ കോളേജ് പൊലീസാണ് മയൂരനാഥിനെ അറസ്റ്റ് ചെയ്തത്.ശശീന്ദ്രൻ്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂര്‍നാഥ്. 25 വയസുകാരനായ മയൂര്‍നാഥ് ആയുര്‍വേദ ഡോക്ടറാണ്. സ്വത്ത് ആവശ്യപ്പെട്ട് ഇയാളും പിതാവുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണമെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകി. കടലക്കറിയിലാണ് വിഷം കലര്‍ത്തിയത്. വിഷവസ്തുക്കള്‍ ഓണ്‍ലൈനില്‍ വരുത്തി സ്വയം നിര്‍മ്മിച്ചെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലിയും കറിയും കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്.

