ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ ഓർമയിൽ രാജ്യം; ഇന്ന് ദേശീയ കായിക ദിനം

ഇന്ന് ദേശീയ കായിക ദിനം. ഇതിഹാസ ഹോക്കി താരം മേജർ ധ്യാൻ ചന്ദിനോടുള്ള ആദരമായിട്ടാണ് എല്ലാ വർഷവും ഓഗസ്റ്റ് 29 ന് ഇന്ത്യ ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ഞാനെന്നും ഒരിന്ത്യക്കാരനാണ്… മറ്റൊരു രാജ്യം എന്റെ സ്വപ്നത്തിൽ പോലുമില്ല….

ലോകത്തെ വിറപ്പിച്ച അഡോൾഫ് ഹിറ്റ്ലർ ജർമൻ പട്ടാളത്തിൽ ഉന്നത സ്ഥാനം വാഗ്ദാനം നൽകിയപ്പോൾ ധ്യാൻ ചന്ദിന്റെ മറുപടി ഇങ്ങനെയായിരുന്നു. ധ്യാൻ ചന്ദിന്റെ വിസ്മയ പ്രകടനത്തിലായിരുന്നു ജർമൻ പടയെ തുരത്തി ഇന്ത്യ ഒളിമ്പിക്സ് സ്വർണം നേടിയത്. ആ മികവ് കണ്ട് ജർമനിയിലേക്ക് ഹിറ്റ്ലർ വിളിച്ചിട്ടും ധ്യാൻ ചന്ദ് പോയില്ല.

ലോകം അയാളെ ഇങ്ങനെ വിളിച്ചു. ‘ദി വിസാർഡ്….’ ഇന്ത്യൻ ഹോക്കിയുടെ സുവർണ കാലത്ത് വിസ്മയം പകർന്ന ഇതിഹാസ താരമായ ധ്യാൻ ചന്ദ്. ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്പിക്സ് സ്വർണം സമ്മാനിച്ച ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദ്. ഹോക്കി വടിയുമായി അയാൾ മൈതാനത്തിറങ്ങിയ നാളുകളിൽ ഇന്ത്യ നടത്തിയ പടയോട്ടങ്ങൾ എത്രയെത്ര. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളിൽ ഒരാൾ. അസാധ്യമായെന്ന് തോന്നുന്ന ഗോളുകൾ. അസാധ്യമാണെന്ന് കരുതുന്ന വിജയങ്ങൾ. ഇതൊക്കെയായിരുന്നു ധ്യാൻ ചന്ദ് ഇന്ത്യക്ക് സമ്മാനിച്ചത്. അതേ ധ്യാൻ ചന്ദിന്റെ ജന്മദിനമാണ് ഇന്ത്യയുടെ ദേശീയ കായിക ദിനം.

ചതുരംഗത്തിലെ ലോക കിരീടവുമായി ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ലോകത്തിന്റെ നെറുകയിൽ നിന്ന വർഷമാണ് ഒരു കായിക ദിനം കൂടി വരുന്നത്. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നായകനായ അർജന്റീനൻ സംഘം കേരളത്തിൽ പന്തു തട്ടുന്ന സുവർണ നാളുകളും അരികെയെത്തുന്ന കായിക വർഷം.

