KOYILANDY DIARY

The Perfect News Portal

സംസ്ഥാന സർക്കാരിൻ്റെ തീര സദസ്സ് ആവേശമായി

കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ തീര സദസ്സ് ആവേശമായി.. റേഷൻ കാർഡ് മുൻഗണനാ പ്രശ്നങ്ങൾ മുതൽ ചാലിയം ഫിഷ് ലാൻഡിങ് സെന്റർ വേണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ. നൂറുകണക്കിന്  പരാതികളും പ്രശ്നങ്ങളും കേട്ടു, അവയ്ക്കുള്ള പരിഹാരങ്ങളും പോംവഴികളും നിർദേശിച്ച് സംസ്ഥാന സർക്കാരിന്റെ  തീരസദസ്സ്. തീരദേശ മേഖല നേരിടുന്ന പ്രതിസന്ധികളിൽ നിന്ന് അവരെ കൈപിടിച്ചുയർത്താനുള്ള തീരസദസ്സ് പരിപാടിക്ക് ജില്ലയിൽ തുടക്കം. ബേപ്പൂർ മണ്ഡലത്തിൽ ബേപ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി.
പകൽ മൂന്നിന് മാത്തോട്ടം വനശ്രീ കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുമായി നടന്ന ചർച്ചയിൽ ഉയർന്ന പരാതികൾക്കും ആവശ്യങ്ങൾക്കും കൃത്യമായുള്ള മറുപടി തീരസദസ്സിൽ മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 47 മണ്ഡലങ്ങളിലാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. ഇതിനകം 18 എണ്ണം പൂർത്തിയായി. ജില്ലയിൽ ആറിടത്താണ് സദസ്സ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് ഓരോയിടത്തും എത്തുന്നത്. പതിനായിരക്കണക്കിന് പരാതികളും അപേക്ഷകളും  ലഭിച്ചു. ഇവയെ കൃത്യമായി പഠിച്ചാണ് മറുപടിയും പരിഹാരവും തയ്യാറാക്കുന്നത്. അതത് വിഷയവുമായി ബന്ധപ്പെട്ട വകുപ്പുകൾ പരിഹാരം പിന്തുടരുകയുംചെയ്യും.
Advertisements
മുതിർന്ന മത്സ്യത്തൊഴിലാളികളായ കമ്മുക്കുട്ടി, ശ്രീധരൻ എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയും അനുമോദിച്ചു. ഫിഷറീസ് ‍‍ഡയറക്ടർ ഡോ. അദീല അബ്ദുള്ള, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിന പൂക്കാടൻ, ജില്ലാ പഞ്ചായത്ത് അംഗം പി ഗാവാസ്, വാണിയൽ നവാസ്, രാധാ ഗോപി, ഗിരിജ, ബഷീർ പാണ്ടികശാല, സലീം പാടത്ത് തുടങ്ങിയവർ സംസാരിച്ചു. കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി സ്വാഗതവും ഫിഷറീസ് ഉത്തരമേഖല ജോയിന്റ് ഡയറക്ടർ ആർ അമ്പിളി നന്ദിയും പറഞ്ഞു.
അടിയന്തരമായി ഭൂമി ഏറ്റെടുത്ത് ചാലിയം ഫിഷ് ലാൻഡിങ് സെന്റർ യാഥാർഥ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വനംവകുപ്പിന്റെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. പകരം വകുപ്പിന് സ്ഥലം കൊടുക്കണം. അതിനുവേണ്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  ബേപ്പൂർ ഹാർബറിൽ 48 കോടി രൂപയുടെ പുതിയ ഡിപിആർ തയ്യാറാക്കിയിട്ടുണ്ട്. അത് ഒരു മാസത്തിനകം പൂർണതയിലെത്തിച്ച് സർക്കാരിന് സമർപ്പിക്കാനും നിർദേശിച്ചു. ഈ രണ്ടു പദ്ധതികളും യാഥാർഥ്യമാകുന്നതോടെ ഫിഷറീസുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
തീരസദസ്സിൽ ഉയർന്നുവന്ന വിഷയങ്ങളിൽ സർക്കാരുമായി കൂടിയാലോചിക്കേണ്ടവ അത്തരത്തിൽ ചർച്ച ചെയ്യുമെന്നും പറഞ്ഞു. പട്ടയത്തിന്റെയും തീരസംരക്ഷണത്തിന്റെയും പ്രശ്നങ്ങൾ  ചർച്ചചെയ്ത് പരിഹരിക്കും. കടാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കടാശ്വാസ കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തും. ഉയർന്നുവന്ന 228 പരാതികൾക്കും വ്യക്തമായ തീരുമാനം ഉണ്ടായതായും  മന്ത്രി പ റഞ്ഞു.  കോഴിക്കോട് നോർത്ത് മണ്ഡലം സദസ്സ് തിങ്കൾ രാവിലെ 9.30നും സൗത്ത് മണ്ഡലം സദസ്സ് പകൽ മൂന്നിനും നടക്കും. എലത്തൂരിൽ 16നും കൊയിലാണ്ടിയിൽ 17നും വടകരയിൽ 20നുമാണ് തീരസ ദസ്സ്.