KOYILANDY DIARY

The Perfect News Portal

തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി നഗരം ഒരുങ്ങി

തൃശൂർ: തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ബുധനാഴ്‌ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടർന്ന് പാറമേക്കാവും. പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കോപ്പുകളെല്ലാം തേക്കിൻകാട്‌ മൈതാനിയിലെ മാഗസിനുകളിൽ എത്തിച്ചു. തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്‌. നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്രത്തിൽ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെയും വെടിക്കെട്ട്‌ ചുമതല ഒരാളിലേക്കെത്തുന്നത്.

മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട്‌ ചുമതല വഹിക്കുന്നത്‌. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട്‌ ചുമതല ഇദ്ദേഹത്തിനായിരുന്നു. രണ്ടും ഒരുപോലെയായാൽ കാഴ്‌ചക്കാർക്ക് മടുപ്പു തോന്നുമെന്നതിനാൽ രണ്ടും രണ്ടുതരത്തിൽത്തന്നെയായിരിക്കും നടത്തുക. കൂട്ടപ്പൊരിച്ചിലിലേക്ക് എത്തും മുമ്പുള്ള സെമിഫിനിഷിങ്ങും അമിട്ടുകളുടെ മിക്സിങ്ങുമെല്ലാം ഇരു കൂട്ടർക്കും വ്യത്യസ്‌തമായിരിക്കും.  

 
നഗരം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. സ്വ​രാ​ജ് ​റൗ​ണ്ടി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​പെ​സോ​യും​ ​പൊ​ലീ​സും​ ​അ​നു​വ​ദി​ച്ച​ ​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് മാത്രമാണ്‌ ​വെ​ടി​ക്കെ​ട്ട് ​കാ​ണാൻ അനുമതിയുള്ളത്‌.​ തേക്കിൻകാട് മൈതാനത്തിന്റെ ഇന്നർ ഫുട്‌പാത്തിനു മുകളിൽ ബാരിക്കേഡുകൾ കെട്ടിക്കഴിഞ്ഞു. പഴയ നിലയമിട്ടുകൾ മുതൽ  ബഹുവർണ അമിട്ടുകൾ, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കമൊക്കെയായി പ്രധാന വെടിക്കെട്ടിന്റെ അതേ മാതൃകയിലാണ് ഇത്തവണ സാമ്പിൾ വെടിക്കെട്ടും നടത്തുന്നത്. 20ന്‌ പുലർച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകൽപ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.

Advertisements