സിഎച്ച് മേൽപ്പാലം ഭാഗികമായി തുറന്നുകൊടുത്തു


കോഴിക്കോട്: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കോഴിക്കോട് സിഎച്ച് മേൽപ്പാലം ഭാഗികമായി തുറന്നുകൊടുത്തു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് നിയന്ത്രണങ്ങളോടെ പാലം തുറന്നുകൊടുത്തത്. കഴിഞ്ഞ ദിവസം മന്ത്രി മുബമ്മദ് റിയാസ് നേരിട്ടെത്തി പ്രവൃത്തി വിലയിരുത്തിയിരുന്നു. തുടർന്നാണ് നടപടി. കാൽനടയാത്രക്കാർക്ക് പാലത്തിൽ പ്രവേശനം ഉണ്ടാവില്ല. പാലം ബലപ്പെടുത്തലിന്റെ ഭാഗമായുള്ള ഉപരിതലത്തിലെ പണി ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിലാണ് താൽക്കാലികമായി തുറക്കുന്നത്.

4.47 കോടി രൂപയുടെ നവീകരണം സെപ്‌തംബറിൽ പൂർത്തിയാകും. ഉപരിതലത്തിൽ ഒരു വശത്തെ കൈവരികൾ പുതുക്കുന്ന പ്രവൃത്തിയാണ് ശേഷിക്കുന്നത്. റെയിൽവേ ലൈനിന് കുറുകേയുള്ള ഒരു സ്‌പാനിലെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടില്ല. റെയിൽവേയുടെ ഇലക്ട്രിക് ലൈൻ ഓഫ്‌ചെയ്‌തുവേണം ഈ പണി തുടങ്ങാൻ. 15 മുതൽ ഒരാഴ്‌ച രാത്രി നാലുമണിക്കൂറും പകൽ രണ്ടു മണിക്കൂറും ലൈൻ ഓഫ് ചെയ്യാമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ട്രെയിൻ കടന്നുപോകാത്ത സമയങ്ങളിലാണ് പ്രവൃത്തി നടത്തുക.
ഈ സ്‌പാനിൽ നാലുതൂണുകളും പിയർക്യാപിലുമാണ് കാഥോഡിക് സംരക്ഷണം ഉൾപ്പെടെയുള്ളവ ചെയ്യേണ്ടത്. അറ്റകുറ്റപ്പണിയിലൂടെ പാലത്തിന്റെ ആയുസ്സ് കുറഞ്ഞത് 15 വർഷം നീട്ടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷ. 1984ലാണ് മൂന്നാം റെയിൽവേ ഗേറ്റിനുകുറുകെ റെഡ്‌ക്രോസ് റോഡിൽ 25 സ്‌പാനുകളുള്ള 300 മീറ്റർ മേൽപ്പാലം പണിതത്. 40 വർഷത്തിനടുത്ത് പഴക്കമുള്ള പാലത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നു.
