KOYILANDY DIARY.COM

The Perfect News Portal

ധനവിഹിത വിതരണം ന്യായവും സന്തുലിതവുമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ധനവിഹിത വിതരണം ന്യായവും സന്തുലിതവുമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്‌ മുഖ്യമന്ത്രി. ആരോഗ്യ, വിദ്യാഭ്യാസ, ജനസംഖ്യ സൂചകങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിച്ച കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം ലഭിക്കേണ്ടതുണ്ട്. വികസനത്തിന്റെ വ്യത്യസ്‌ത തലങ്ങൾ കണക്കിലെടുത്ത് കൂടുതൽ സന്തുലിത സമീപനം കേന്ദ്രത്തിൽനിന്ന് പ്രതീക്ഷിക്കുന്നു.

 

 

ഈ വിഷയം 16–-ാം ധനകമീഷൻ മുമ്പാകെ ഉന്നയിക്കും. അഞ്ചു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നികുതിവിഹിതം സംസ്ഥാനങ്ങൾക്കിടയിൽ എങ്ങനെ വിതരണം ചെയ്യണമെന്ന് ശുപാർശ ചെയ്യുക ധനകമീഷന്റെ ചുമതലയാണ്‌. ‌സംസ്ഥാനങ്ങളിലെ ആളോഹരി വരുമാനത്തിലും വികസനസൂചകങ്ങളിലും വ്യത്യാസമുള്ള സാഹചര്യത്തിൽ സൂക്ഷ്‌മമായി നിർവഹിക്കേണ്ടതാണിത്‌.

 

 

അവസാന പത്തുവർഷത്തിൽ സർചാർജുകളിലും സെസിലും വലിയ വർധനവുണ്ടായി. കേന്ദ്ര സർക്കാരിന്റെ ആകെ നികുതിവരുമാനത്തിന്റെ അഞ്ചിലൊന്നുവരുമിത്‌. കേരളത്തിന്റെ നികുതി വിഹിതം തുടർച്ചയായി കുറയുകയാണ്‌. 11–-ാം ധനകമീഷന്റെ കാലത്ത്‌ 3.05 ശതമാനമായിരുന്നത്‌, 15–-ാം ധനകമീഷനായപ്പോൾ 1.92 ശതമാനമായി കുറഞ്ഞു. കോൺക്ലേവിൽ പങ്കെടുക്കുന്ന മറ്റു സംസ്ഥാനങ്ങൾക്കും സമാനമായ അനുഭവമുണ്ട്‌. സംസ്ഥാനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും നിബന്ധനകളില്ലാതെ ഫണ്ട്‌ ലഭിക്കുക പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

 

Share news