KOYILANDY DIARY.COM

The Perfect News Portal

റെയിൽവേയിൽ ജീവനക്കാരുടെ സംഘടനകൾക്ക്‌ അംഗീകാരം നൽകുന്ന റഫറണ്ടം അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം

തൃശൂർ: റെയിൽവേയിൽ ജീവനക്കാരുടെ സംഘടനകൾക്ക്‌ അംഗീകാരം നൽകുന്ന റഫറണ്ടം അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം. സ്വകാര്യവൽക്കരണം, നിയമനനിരോധനം എന്നിവയ്‌ക്കെതിരെ വർധിച്ചുവരുന്ന തൊഴിലാളി പ്രതിഷേധം ഇല്ലാതാക്കാനും മാനേജ്‌മെന്റിൽ തൊഴിലാളി പ്രതിനിധികളുടെ സമ്മർദം ഒഴിവാക്കാനുമാണ്‌ തൊഴിൽകോഡ്‌ നിയമമാകുന്നതുവരെ റഫറണ്ടം അനന്തമായി നീട്ടുന്നത്‌.

2013 ലാണ്‌ ഇതിനുമുമ്പ്‌ റഫറണ്ടം നടന്നത്‌. പിന്നീട്‌ 2019 ൽ നടത്തേണ്ടതായിരുന്നു. കോവിഡിന്റെ പശ്‌ചാത്തലത്തിൽ നീട്ടി. പിന്നീട്‌ നടത്താൻ തയ്യറായില്ല. ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ തൊഴിലാളി സംഘടനകൾ ഹർജി നൽകിയതിനെത്തുടർന്ന്‌ റഫറണ്ടം നടത്താൻ ഉത്തരവിട്ടു. ഫെബ്രുവരി മൂന്നിന്‌ നോട്ടിഫിക്കേഷൻ ഇറക്കാനാണ്‌ നിർദേശം. എന്നാൽ ഇതിനെതിരെ അപ്പീൽ നൽകാനാണ്‌ റെയിൽവേയുടെ നീക്കമെന്ന്‌  സംഘടനകൾ ആരോപിച്ചു.

 

തൊഴിൽകോഡ്‌ നിയമമാകുന്നതുവരെ നിർത്തിവയ്‌ക്കണമെന്നാണ്‌ റെയിൽവേ ആവശ്യപ്പെടുന്നത്‌. നിയമമായാൽ 51 ശതമാനം വോട്ടുള്ള സംഘടനയ്‌ക്കേ അംഗീകാരം ലഭിക്കൂ. നിലവിൽ 30 ശതമാനം വോട്ട്‌ കിട്ടിയാൽ അംഗീകാരമായി. 51 ശതമാനം അംഗബലമുള്ള സംഘടന റെയിൽവേയിലില്ല. ആർക്കും അംഗീകാരമില്ലെങ്കിൽ 20 ശതമാനം വോട്ട് കിട്ടുന്ന സംഘടനയ്‌ക്ക്‌ ഒരു പ്രതിനിധി എന്ന നിലയിൽ റെയിൽവേ ബോർഡുകളിൽ അംഗത്വം കിട്ടും.

Advertisements

 

ഇത്‌ കൗൺസിലിനു തുല്യമാകുന്നതിനാൽ തൊഴിലാളികളുടെ ആവശ്യങ്ങൾ ഉയർത്താനാവില്ല. റഫറണ്ടത്തിലൂടെ അംഗീകാരം ലഭിക്കുന്ന സംഘടനയുടെ ഭാരവാഹികൾക്ക്‌ യാത്രാസൗജന്യം, ഡ്യൂട്ടി ലീവ്‌, ക്വാർട്ടേഴ്‌സ്‌ എന്നിവയ്‌ക്ക്‌ അവകാശമുണ്ട്‌. നിലവിൽ എച്ച്‌എംഎസിനുകീഴിലുള്ള എസ്‌ആർഎംയുവിനാണ്‌ അംഗീകാരം. ബിഎംഎസിന്റെ ഭാരതീയ റെയിൽ മസ്‌ദൂർ സംഘിന്‌ അംഗബലം തീരെ കുറവാണ്‌. അതും റഫറണ്ടം നീട്ടാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നു.

 

ഡിആർഇയുവിന്‌ 2013 വരെ അംഗീകാരമുണ്ടായിരുന്നു. കോച്ച്‌ ഫാക്ടറികളിൽ ഡിആർഇയുവാണ്‌ വലിയ സംഘടന. സ്വകാര്യവൽക്കരണം, ജീവനക്കാരുടെ ഒഴിവ്‌ നികത്താതിരിക്കൽ, വിശ്രമമില്ലാത്ത ജോലി എന്നിവയ്‌ക്കെതിരെ ജീവനക്കാർ പ്രക്ഷോഭം പ്രഖ്യാപിച്ച സാഹചര്യത്തിൽ റഫറണ്ടം  ഇല്ലാതാക്കി ജീവനക്കാരുടെ പ്രതികരണ ശേഷി നഷ്ടപ്പെടുത്താനാണ്‌ റെയിൽവേ ശ്രമിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്‌.

Share news