KOYILANDY DIARY

The Perfect News Portal

കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുരുക്കിട്ട് കേന്ദ്രം

ഡൽഹി: കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുരുക്കിട്ട് കേന്ദ്രം. വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 1,823 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ്. ഇതോടെ പ്രചാരണ പ്രവർത്തനങ്ങളും മുതിർന്ന നേതാക്കളുടെ പര്യടനങ്ങളും പ്രതിസന്ധിയിലായ നിലയിലാണ് പാർട്ടി. ആദായ നികുതി വകുപ്പ് റിട്ടേണുകള്‍ സമര്‍പ്പിക്കാത്തിനാലും, സംഭാവന വിവരങ്ങള്‍ മറച്ചു വച്ചതുകൊണ്ടുമാണ് ഭീമമായ പിഴ ഈടാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ പ്രതികരണം.

ബി ജെ പി ഈ ഇനത്തിൽ  നൽകാനുള്ളത് 4, 600 കോടി രൂപയാണെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കാൻ പറഞ്ഞു. ‘നികുതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു നയവും ബി.ജെ.പിക്ക് മറ്റൊരു നയവുമാണ്. തെരഞ്ഞെടുപ്പിന്റെ മുന്നില്‍ നില്‍ക്കുന്ന സമയത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം.

ബി ജെ പിക്ക് സംഭാവന നൽകിയവരിൽ 92 പേരുടെ പേരു വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇനിയും പുറത്ത് വിട്ടിട്ടില്ല. ബി ജെ പിയുടെ നികുതി വെട്ടിപ്പിന് എതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഴയും പലിശയുമടക്കം ആദായ നികുതി വകുപ്പില്‍ കോണ്‍ഗ്രസ് അടക്കേണ്ടത് 1823.08 കോടി രൂപയാണ്. സീതാറാം കേസരിയുടെ കാലം മുതലുള്ള കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അക്കാലത്തെ പിഴ 53.9 കോടി രൂപയോളമാണ്. 2016-2017ല്‍ 181.90 കോടി, 2017-2018ല്‍ 178. 73 കോടി, 2018-2019 ല്‍ 918.45 കോടി, 2019 -2020ല്‍ 490.01 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

Advertisements
Advertisements

ബിജെപിയും നികുതി അടച്ചതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും പ്രതികരിച്ചു. നീചമായ കേന്ദ്രസർക്കാർ പ്രയോഗിക്കുന്നത്. കോണ്‍ഗ്രസിനെ പാപ്പരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ഇനിയും കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു.

 പ്രചാരണത്തിനും കുരുക്കിട്ട് കേന്ദ്ര സർക്കാർ

2017- 18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കം 1700 കോടി രൂപയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് ഇന്നലെ വൈകുന്നേരം നല്‍കിയിരിക്കുന്നത്. ഇതിൻ്റെ പലിശയും പിഴയും ഉൾപ്പെടെ 1 823  കോടി രൂപ വരും.  ഇക്കാലയളവിലെ നികുതി പുനർ നിര്‍ണ്ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്‍റെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് നടപടി.

 2014-15 വർഷത്തെയും  2016-17 സാമ്പത്തിക വര്‍ഷത്തെയും നികുതി പുനര്‍ നിര്‍ണ്ണയത്തിനെതിരെയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. 2018-19 വര്‍ഷത്തെ നികുതി കുടിശികയായി കോണ്‍ഗ്രസിന്‍റെ അക്കൗണ്ടില്‍ നിന്ന് 135 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതോടെ പാർട്ടി ഫണ്ടുകൾ പ്രതിസന്ധിയിലായി.

ഇലക്ട്രൽ ബോണ്ട് വഴി നേടിയ തുകയും പിൻവലിക്കാനാവാതെ കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണ്ണയത്തിനുള്ള കാലാവധി വരുന്ന ഞായറാഴ്ച അവസാനിക്കും. അനുബന്ധ രേഖകളോ കൂടുതല്‍ വിശദാംശങ്ങളോ നല്‍കാതെയാണ് പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹൈക്കോടതിയിലെ നിയമ പോരാട്ടം പരാജയപ്പെട്ടതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും സ്ഥാനാർത്ഥികളും പണം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണെന്ന് പാർട്ടി പറയുന്നു. എന്നാൽ കോണ്‍ഗ്രസിനെ സാമ്പത്തികമായി തളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തങ്ങള്‍ അതില്‍ തളരില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.