വേടനെതിരെ വനം ഉദ്യോഗസ്ഥർ കേസെടുത്തത് പുനപരിശോധിക്കണം; എം വി ഗോവിന്ദൻ

തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വനം ഉദ്യോഗസ്ഥർ കേസെടുത്തത് എന്തിനെന്ന് പരിശോധിക്കപ്പെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചെറിയ അളവിലെങ്കിലും കഞ്ചാവ് കണ്ടെത്തിയതിന് കേസെടുത്തത് ശരി. അതിന് ജാമ്യം കിട്ടി. എന്നാൽ അതിനുശേഷം പുലിപ്പല്ലുള്ള മാല ധരിച്ചു എന്ന പേരിൽ കേസെടുത്തത് ശരിയായില്ല – എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

പുലിപ്പല്ല് ഒരാൾ തന്നതാണെന്നും ഇത്രത്തോളം അപകടകരമാണെന്ന് അപ്പോൾ മനസ്സിലായില്ലെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ വലിയ കേസും മറ്റും വേണ്ടതുണ്ടോ എന്ന് പരിശോധിക്കണം. വനം മന്ത്രിയും വേടനൊപ്പമാണെന്ന് പറഞ്ഞിട്ടുണ്ട്. കഞ്ചാവ് കേസിൽ തനിക്ക് തെറ്റുപറ്റിയെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചിട്ടുണ്ട്. പാവപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയായി രാജ്യം മുഴുവൻ അംഗീകരിക്കുന്ന കലാകാരനാണ് വേടൻ. ആ തരത്തിൽ വേടനെ അംഗീകരിക്കണം. തെറ്റുതിരുത്തി ഈ സമൂഹത്തിനുമുന്നിൽ ഏറ്റവും കൂടുതൽ അംഗീകാരമുള്ള ഗായകനായി ഇനിയും മുന്നോട്ടുവരാൻ കഴിയട്ടെ എന്നാണ് ആശംസിക്കാനുള്ളത്- എം വി ഗോവിന്ദൻ പറഞ്ഞു.

