വയനാട് ദുരന്തബാധിതരുടെ ഉപജീവനത്തിനായി തയ്യാറാക്കിയ മൈക്രോപ്ലാനിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ ഉപജീവനത്തിനായി തയ്യാറാക്കിയ മൈക്രോപ്ലാനിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മേപ്പാടിയിൽ മന്ത്രി എം ബി രാജേഷ് പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 1084 കുടുംബ മൈക്രോ പ്ലാനുകളാണ് കുടുംബശ്രീ തയ്യാറാക്കിയത്. 5987 സേവനങ്ങള്‍ ദുരന്തമേഖലയിലെ കുടുംബങ്ങളുടെ ആവശ്യങ്ങളായി കണ്ടെത്തിയിട്ടുണ്ട്.

പദ്ധതികൾ വിവിധ വകുപ്പുകൾ ചേർന്ന് നടപ്പാക്കും. കുടുംബശ്രീ പദ്ധതികളുടെ ഭാഗമായി വിവിധ ഗുണഭോക്താക്കൾക്കായി 47.92 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി. വ്യവസായ, സാമൂഹ്യനീതി വകുപ്പുകളുടെ വിവിധ സഹായങ്ങളും വിതരണം ചെയ്തു. തയ്യൽ മെഷീൻ ഉൾപ്പെടെയുള്ളവയാണ് നൽകിയത്. ദുരന്തബാധിതരുടെ അതിജീവന പരിശ്രമത്തിലെ നിർണായക ചുവടുവയ്പാണ് മൈക്രോ പ്ലാനെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുമെന്നും ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി ഒ ആർ കേളു അധ്യക്ഷനായി.
