KOYILANDY DIARY.COM

The Perfect News Portal

വിഎസ്‌എസ്‌സി പരീക്ഷാതട്ടിപ്പ്‌ കേസിലെ പ്രതികൾ നേരത്തേയും ആൾമാറാട്ടം നടത്തിയവർ

തിരുവനന്തപുരം: വിഎസ്‌എസ്‌സി പരീക്ഷാതട്ടിപ്പ്‌ കേസിലെ പ്രതികൾ നേരത്തേയും ആൾമാറാട്ടവും ഹൈടെക്‌ കോപ്പിയടിയും നടത്തിയവർ. ഗ്രൂപ്പ്‌ സി, ക്ലറിക്കൽ തസ്തികകളിലാണ്‌ പ്രതികൾ ആൾമാറാട്ടം നടത്തിയത്‌. വിവിധ വിഷയങ്ങളിലെ വിദഗ്‌ധരടങ്ങുന്ന സംഘമാണ്‌ ഹരിയാനയിലെ രഹസ്യകേന്ദ്രത്തിലിരുന്ന്‌ തട്ടിപ്പ്‌ നിയന്ത്രിച്ചത്‌. അതേസമയം, പൊലീസ്‌ സംഘം ഹരിയാനയിലെത്തി അന്വേഷണം തുടങ്ങി.

ഒരു ലക്ഷം രൂപ ഒരാളിൽനിന്ന്‌ വാങ്ങിയാണ്‌ പരീക്ഷാതട്ടിപ്പ്‌ നടത്തിയതെന്നാണ്‌ പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ഇത്‌ പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ്‌ തയ്യാറായിട്ടില്ല. ഹൈടക്‌ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള പരീക്ഷാതട്ടിപ്പായതിനാൽ ഇതിലധികം പണം ഈടാക്കിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ്‌ പൊലീസ്‌.

നിരവധിയാളുകൾ അപേക്ഷകരായുള്ള പരീക്ഷകളിലാണ്‌ കൂടുതലും ആൾമാറാട്ടം നടന്നിരിക്കുന്നത്‌. താരതമ്യേന പരിശോധനകളും ആളുകളുടെ ശ്രദ്ധയും കുറവുള്ള പരീക്ഷകളാണ്‌ പ്രതികൾ തട്ടിപ്പിനായി തെരഞ്ഞെടുക്കുന്നത്‌. ഇതിനായി ഹരിയാന കേന്ദ്രീകരിച്ച്‌ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്‌. ഉദ്യോഗാർത്ഥികളെ ആകർഷിക്കാനും ക്യാൻവാസ്‌ ചെയ്യാനുള്ള പ്രത്യേക സംവിധാനവും ഇവർ ഒരുക്കിയിട്ടുണ്ട്‌. പരീക്ഷയെഴുതിയ പലരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്‌ എന്നാണ്‌ പ്രതികൾ പൊലീസിന്‌ നൽകിയ മൊഴി.

Advertisements

ഹരിയാനയിലെത്തിയ പൊലീസ്‌ സംഘം പരീക്ഷാകേന്ദ്രങ്ങൾ നടത്തുന്ന ചിലരിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്‌. ഹരിയാനയിൽനിന്ന്‌ പരമാവധി വിവരങ്ങൾ ശേഖരിച്ചശേഷമാകും തിരുവനന്തപുരത്ത്‌ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുക.

 

Share news