KOYILANDY DIARY.COM

The Perfect News Portal

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് സാഹിത്യന​ഗരിയിൽ തുടക്കമായി

കോഴിക്കോട്: അക്ഷരങ്ങളുടെയും സംസ്കാരങ്ങളുടെയും ആഘോഷമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് സാഹിത്യന​ഗരിയിൽ തുടക്കമായി. കടൽത്തിരകളെ സാക്ഷിയാക്കി നാലുനാൾ ന​ഗരം പുതിയ ആശയങ്ങളുടെ വഴിയിൽ സഞ്ചരിക്കും. ആദ്യദിനം അക്ഷരം, ​ഗ്രന്ഥം, തൂലിക, കഥ, എഴുത്തോല, വാക്ക്, വായന എന്നീ ഏഴ് വേദികളിലായി അറുപതിൽപ്പരം വിഷയങ്ങളിൽ ചർച്ചകൾ നടന്നു. എം ടി വാസുദേവൻ നായരുടെ ഓർമകളും എഴുത്തും പ്രതിപാദിച്ച “എം ടി എന്ന അമ്പത്തൊന്നക്ഷരം” സെഷനോടെയായിരുന്നു സാഹിത്യോത്സവത്തിന് തുടക്കം.

സ്വയം നിരന്തരം പുതുക്കിയ എഴുത്തുകാരനാണ് എം ടിയെന്ന് കവി സച്ചിദാനന്ദൻ നിരീക്ഷിച്ചു. മേയർ ബീന ഫിലിപ്പ് സംസാരിച്ചു. കുട്ടിമനസ്സുകളിലേക്ക് കഥകളുടെ കെട്ടഴിച്ച് അഭിനേതാക്കളായ നസറുദ്ദീൻ ഷായും രത്‌ന പഥക് ഷായും വേദിയെ രസകരമാക്കി. ജെയിംസ് തർബറിന്റെ കഥകളും വിക്രം സേതിന്റെ കവിതകളും ഇരുവരും മനോഹരമായി അവതരിപ്പിച്ചു. മികച്ച കഥപറച്ചിലിനുള്ള കഴിവ് എങ്ങനെ വികസിപ്പിക്കാമെന്ന സദസ്സിലെ കൊച്ചുമിടുക്കന്റെ ചോദ്യത്തിന് ‘നല്ലൊരു കഥ പറയാൻ, നല്ലൊരു ആസ്വാദകനാവുക’ എന്ന നസറുദ്ദീൻ ഷായുടെ സന്ദേശത്തോടെയാണ് സെഷൻ അവസാനിച്ചത്.

 

നീതി നിഷേധിക്കപ്പെട്ടവരുടെ നഗരമായ ഡൽഹിയുടെ ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷവുമായി ചരിത്രത്തിലെ ഇന്ദ്രപ്രസ്ഥത്തിന് സമാനതകളുണ്ടെന്ന് ‘എന്റെ ദില്ലി’ ചർച്ചയിൽ എഴുത്തുകാരൻ എം മുകുന്ദൻ അഭിപ്രായപ്പെട്ടു. ആത്മീയതയെ മതവുമായി ബന്ധിപ്പിക്കുമ്പോഴാണ് പ്രശ്നങ്ങൾ ജനിക്കുന്നതെന്ന് “കസാൻദസാകീസിന്റെ നാട്ടിൽ’ സെഷനിൽ എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. അതുൽ നറുകര നയിച്ച “സോൾ ഓഫ് ഫോക്ക്’ സംഗീതവിരുന്നോടെയാണ് സാഹിത്യോത്സവത്തിന്റെ ആദ്യദിനത്തിന് തിരശ്ശീല വീണത്.

Advertisements

 

Share news