KOYILANDY DIARY.COM

The Perfect News Portal

മുപ്പത്തിയാറാമത്‌ കേരള ശാസ്‌ത്ര കോൺഗ്രസ്‌ സമാപിച്ചു

കാസർകോട്‌: മുപ്പത്തിയാറാമത്‌ കേരള ശാസ്‌ത്ര കോൺഗ്രസ്‌ സമാപിച്ചു. ശാസ്‌ത്ര കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ നോബേൽ ജേതാവ് നേരിട്ട് പങ്കെടുത്തത്. രസതന്ത്ര നോബേൽ ജേതാവ് പ്രൊഫ. മോർട്ടൻ പി മെൽഡലിന്റെ ക്ലാസ്‌ വിജ്ഞാനപ്രദമായി. സംസ്ഥാനത്തെ വിവിധ സർവലാശാലകളും കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ ഗവേഷണ സ്ഥാപനങ്ങളും കോളേജുകളും സ്കൂളുകളും പങ്കാളികളായി. കൂടുതൽ ശാസ്ത്രഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തുന്നതിന് ശാസ്‌ത്ര കോൺഗ്രസ്‌ ദിശാബോധം നൽകി. 

ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ്‌ വ്യവസ്ഥയുടെ രൂപാന്തരണം എന്നതായിരുന്നു ഇത്തവണത്തെ സന്ദേശം. 150 ശാസ്ത്രജ്ഞരും 424 യുവശാസ്ത്രജ്ഞരും പങ്കെടുത്തു. 362 പ്രബന്ധം അവതരിപ്പിച്ചു. 140 പോസ്റ്റർ പ്രദർശിപ്പിച്ചു. ആയിരക്കണക്കിനാളുകൾ പ്രദർശന സ്‌റ്റാളുകൾ സന്ദർശിച്ചു. സമാപനത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ബിജോയ് നന്ദൻ മുഖ്യാതിഥിയായി. പ്രൊഫ. കെ പി സുധീർ അധ്യക്ഷനായി. ഡോ. മനോജ് പി സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി ഭാസ്കര പണിക്കർ അനുസ്മരണം കെ ജയകുമാറും ഡോ. പി കെ ഗോപാലകൃഷ്ണൻ അനുസ്മരണം ഡോ. കെ ജെ ജോസഫും നടത്തി. മുഖ്യമന്ത്രിയുടെ സ്വർണമെഡൽ നേടിയ യുവശാസ്ത്രജ്ഞരായ ഡോ. എസ് മുരളി, ഡോ. ഹർഷ ബജാജ് എന്നിവർ കണ്ടുപിടിത്തങ്ങൾ വിശദീകരിച്ചു. ഡോ. വി എസ് അനിൽകുമാർ സ്വാഗതവും ഡോ. സി അരുണൻ നന്ദിയും പറഞ്ഞു.

 

വിസ്മയിപ്പിച്ച് 
കുട്ടിശാസ്ത്രജ്ഞർ
ശാ​സ്ത്ര​രം​ഗ​ത്തെ വി​വി​ധ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളിലൂടെ വിസ്മയിപ്പിച്ച് കുട്ടിശാസ്ത്രജ്ഞർ. കുട്ടിശാസ്ത്രജ്ഞരുടെ സെഷനിൽ അവർ പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിച്ചു. പച്ചക്കറികളിലെ കീടങ്ങളെ നിയന്ത്രിക്കാനുള്ള രാസകീടനാശിക്കുപകരം ജൈവ കീടനാശിനി കണ്ടുപിടിച്ച്‌ കർഷകർക്ക് ആശ്വാസമാകുകയാണ് കോട്ടയം സെന്റ്‌ ആന്റണീസ്‌ എച്ച്എസ്എസിലെ അതുൽ റോബി. കിണറുകളിൽ കാണുന്ന ചെമ്പുറവയുടെ കാരണം കണ്ടെത്തിയത്‌ വയനാട് വടുവൻചാലിലെ പുണ്യാ പ്രവീൺ. നിപ വൈസറിനെക്കുറിച്ചുള്ള പഠനമാണ് കോഴിക്കോട്ടിലെ കെ ആർ അനുപ്രിയ നടത്തിയത്.

Advertisements

 

ചെറുതേനീച്ചയെക്കുറിച്ചും ജലത്തെക്കുറിച്ചും ആരോഗ്യമുള്ള ജനതയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യവും മുഖ്യ വിഷയങ്ങളായി. ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 16 കുട്ടികളാണ് തങ്ങളുടെ കണ്ടെത്തൽ അവതരിപ്പിച്ചത്. സ്പെഷ്യൽ സ്കൂളിലെ കുട്ടികളും വിഷയം അവതരിപ്പിച്ചു. പ്രൊഫ. ഇ കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. 

 

പുതിയ പ്രതീക്ഷകളിലേക്ക്‌ വേറിട്ട നടത്തം
കേരള ശാസ്ത്ര കോൺഗ്രസിലെ അവസാന ദിവസം അവിസ്‌മരണീയമാക്കി കാസർകോട് ഗവ. കോളേജിൽ നടന്ന ‘ശാസ്‌ത്രജ്ഞർക്കൊപ്പമുള്ള നടത്തം’. രാജ്യത്തെ മുതിർന്ന ശാസ്ത്രജ്ഞരായ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകൻ എം സി ദത്തൻ, പ്രൊഫ. സുരേഷ് ദാസ്, ഡോ. പി ഇ രാജശേഖരൻ, പ്രൊഫ. ജി അനിൽകുമാർ എന്നിവർക്കൊപ്പമാണ്‌ കുട്ടികൾ നടന്നത്‌.

പത്തു കുട്ടികൾ വീതമുള്ള നാലു സംഘങ്ങളായായിരുന്നു നടത്തം. തങ്ങളുടെ ജീവിതാനുഭവങ്ങളും വിവിധ ശാസ്ത്രവിഷയങ്ങളും ശാസ്ത്രജ്ഞർ കുട്ടികളുമായി പങ്കുവച്ചു. മനുഷ്യശരീരത്തിലെ പ്രവർത്തനങ്ങൾ, ഊർജോൽപ്പാദനം, ഭൗമശാസ്ത്രം, റോക്കറ്റ് സയൻസ്, മനുഷ്യചരിത്രത്തിലെ വലിയ കണ്ടുപിടിത്തങ്ങൾ, ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി, ശാസ്ത്രത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ സംവദിച്ചു. ബാലശാസ്‌ത്ര കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിച്ചവരടക്കം സംസ്ഥാനത്തെ 40 യുപി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ശാസ്‌ത്രജ്ഞരുടെ ഒപ്പം നടന്നു. 

പരിമിതികൾ പോകട്ടെ
പരിമിതികൾ അവസരങ്ങളാക്കിയ സ്പെഷ്യൽ സ്കൂളിലെ കുട്ടിശാസ്ത്രജ്ഞർക്ക്‌ ശാസ്ത്ര കോൺഗ്രസിന്റെയാകെ കൈയടി. ശാരീരിക വെല്ലുവിളികളെ അതിജീവിച്ചാണ് അവരെത്തിയത്‌. സംസാരിക്കാൻ കഴിയാത്തവർക്ക് നാവായി അധ്യാപകരുണ്ടായിരുന്നു. ജീവോദയ സ്പെഷ്യൽ സ്കൂളിലെ ആറും കണ്ണൂർ ഡോൺബോസ്കോ സ്പീച്ച് ആൻഡ്‌ ഹിയറിങ്‌ സ്പെഷ്യൽ സ്കൂളിലെ ആറും കോട്ടയം ഹോളിക്രോസ് സ്പെഷ്യൽ സ്കൂളിലെ ഏഴും  വിദ്യാർത്ഥികളാണ്‌ പ്രബന്ധം അവതരിപ്പിച്ചത്‌. ആഫ്രിക്കൻ ഒച്ചുകളുടെ പാരിസ്ഥിതിക സ്വാധീനവും അവയുടെ ഉന്മൂലനത്തിനുള്ള രീതികളുമാണ് ജീവോദയ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്‌.

‘തിലോപ്പിയ’ മത്സ്യങ്ങളുടെ വളർച്ചയെയും ഗുണനിലവാരത്തെയും കുറിച്ചുള്ള പഠനമാണ് ഹോളിക്രോസ് സ്പെഷ്യൽ സ്കൂൾ കോട്ടയത്തെ വിദ്യാർത്ഥികൾ നടത്തിയത്. കണ്ണൂർ ജില്ലയിലെ ചിത്രശലഭങ്ങളുടെ ജൈവവൈവിധ്യം, പര്യവേക്ഷണം എന്നിവയുടെ പഠനമാണ് കണ്ണൂർ ഡോൺബോസ്കോ സ്പീച്ച് ആൻഡ്‌ ഹിയറിങ്‌ സ്പെഷ്യൽ സ്കൂളിൻെറ വിഷയം. സംസാരശേഷിയില്ലെങ്കിലും സ്ക്രീനിൽ തെളിഞ്ഞ ആശയങ്ങളെ അവർ ആംഗ്യഭാഷയിലൂടെ സദസ്സിലെത്തിച്ചു.

Share news