KOYILANDY DIARY

The Perfect News Portal

അനിൽ ആൻ്റണിക്കും ശോഭ സുരേന്ദ്രനുമെതിരെ ആരോപണവുമായി ടി ജി നന്ദകുമാർ

ന്യൂ ഡൽഹി: അനിൽ ആൻ്റണിക്കും ശോഭ സുരേന്ദ്രനുമെതിരെ ആരോപണവുമായി ടി ജി നന്ദകുമാർ. ശോഭാ സുരേന്ദ്രൻ പത്ത്‌ ലക്ഷം രൂപ വാങ്ങിയതിൻ്റെ തെളിവുകളുമായി ദല്ലാൾ നന്ദകുമാർ. ഡൽഹിയിലെ എസ്‌ബിഐ ബ്രാഞ്ച്‌ വഴിയാണ്‌ പണമയച്ചത്. ഈ അക്കൗണ്ട്‌ വിവരങ്ങളും ഒപ്പം പുറത്തു വിട്ടു. തൃശൂരിൽ സ്വന്തമായി സ്ഥലം വാങ്ങാനാണ്‌ ശോഭയ്‌ക്ക്‌ ഈ പണം നൽകിയതെന്നും നന്ദകുമാർ പറഞ്ഞു. അനിൽ ആന്റണിക്കെതിരായ ആരോപണത്തിന്റെ ചിത്രങ്ങളും നന്ദകുമാർ പുറത്തു വിട്ടു. തെരഞ്ഞെടുപ്പിന്‌ ശേഷം കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് തന്റെ പക്കൽനിന്ന്‌ 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന് ദല്ലാൾ നന്ദകുമാർ എന്ന ടി ജി നന്ദകുമാർ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. സുഹൃത്തിനുവേണ്ടിയാണ് പണം നൽകിയത്‌. 2013 ഏപ്രിലിൽ ഡൽഹി അശോക ഹോട്ടലിൽവെച്ച് കവറിലാണ് കൈമാറിയത് എന്നുമായിരുന്നു അന്നത്തെ വെളിപ്പെടുത്തൽ.

 

അന്നു പറഞ്ഞതും ഗുരുതരമായ കാര്യങ്ങൾ

Advertisements

2012 ഡിസംബർ മുതൽ 2014 ഡിസംബർ വരെ സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത് സിൻഹയ്ക്ക് നൽകാനാണ് അനിലിന് പണം കൊടുത്തത്. താൻ ആവശ്യപ്പെട്ടയാൾക്ക് നിയമനം ലഭിച്ചില്ല. എന്നിട്ടും പണം തിരികെ നൽകാൻ അനിൽ തയ്യാറായില്ല. ഇതു സംബന്ധിച്ച് പി ജെ കുര്യനോട് പിന്നീട് പരാതിപ്പെട്ടു എങ്കിലും ഫലമുണ്ടായില്ല. അതിനു ശേഷം പി ടി തോമസ് ഇടപെട്ടാണ് അഞ്ചുഗഡുക്കളായി പണം ലഭിച്ചതെന്നുമായിരുന്നു നന്ദകുമാർ പറഞ്ഞത്‌. 

 

എൻഡിഎ മന്ത്രിസഭ വന്നപ്പോൾ വിഷയം ഉന്നയിച്ച് പരാതികൊടുക്കാൻ ശ്രമിച്ചു. പി ജെ കുര്യൻ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. രഞ്ജിത് സിൻഹയുടെ നിയമനത്തിലും അനിൽ ആന്റണിക്ക് പങ്കുണ്ടായിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ, ഒബ്രോയ് ഹോട്ടൽ കേന്ദ്രീകരിച്ച് അറിയപ്പെടുന്ന ദല്ലാളായിരുന്നു അനിൽ ആൻ്റണി. എ കെ ആന്റണിയുടെ ഔദ്യോഗിക വസതിയിലെ ഓഫീസിൽ നിന്ന് ആയുധ ഇടപാടുകളുടെ രേഖകൾ ഉൾപ്പെടെ അന്ന്‌ പുറത്തുവിട്ടിരുന്നു എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

 

ആന്റണിയുടെ വീട്ടിൽവെച്ചും അനിൽ ഇടപാടുകൾ നടത്തി. അതീവ രഹസ്യസ്വഭാവമുള്ള രേഖകളുടെ ഫോട്ടോയെടുത്ത് അനിൽ ആന്റണി വിൽക്കുകയായിരുന്നു. ഇതിനെതിരെ അന്വേഷണം തുടങ്ങിയപ്പോഴാണ് പിടിക്കപ്പെടാതിരിക്കാൻ ബിജെപിയിൽ ചേർന്നത്. അച്ഛനെവച്ച് വിലപേശി പണം വാങ്ങിയ ആളാണ് അനിൽ. പി ജെ കുര്യനും ഉമ തോമസിനും ഇതെല്ലാം അറിയാം. അനിൽ ആന്റണി ഇതെല്ലാം നിഷേധിച്ചാൽ തെളിവുമായി സംവാദത്തിന് തയ്യാറാണെന്നും നന്ദകുമാർ അന്ന്‌ പറഞ്ഞിരുന്നു.