പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ
വർക്കല : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. വർക്കല മുണ്ടയിൽ ക്ഷേത്രത്തിലെ പൂജാരി ചിറയിൻകീഴ് കുളക്കട ജംഗ്ഷനു സമീപം ബിജു ഭവനിൽ ബൈജു (34)വാണ് പോക്സോ പ്രകാരം അറസ്റ്റിലായത്.

കഴിഞ്ഞദിവസം രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.ഇയാൾ മുൻപ് ഒരു അടിപിടിയിൽ പെട്ടിരുന്നു. കൂട്ടുകാരനെയാണ് അടിച്ചത്. എന്നാൽ കേസെടുത്തിരുന്നില്ല. ആഗസ്റ്റ് 11 ന് വൈകുന്നേരമാണ് പീഡനം നടന്നത്.

ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിക്കുകയും നിവേദ്യപ്പുരയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി സ്കൂൾ അദ്ധ്യാപികയോട് കാര്യങ്ങൾ പറയുകയും ചൈൽഡ് ലൈൻ വഴി പരാതി നൽകുകയുമായിരുന്നു. പത്താം ക്ളാസ് വിദ്യാർത്ഥിയാണ്. കോടതിയിൽ ഹാജരാക്കിയ പൂജാരിയെ റിമാൻഡ് ചെയ്തു.

