അധ്യാപകർ കാലാനുസൃതമായി പരിഷ്കരണവും അറിവും നേടണം; മുഖ്യമന്ത്രി

തിരുവനന്തപുരം: അധ്യാപകർ കാലാനുസൃതമായി പരിഷ്കരണവും അറിവും നേടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കുട്ടികൾ വലിയതോതിൽ അറിവ് സ്വായത്തമാക്കുന്നവരാണ്. അതുവഴിയുള്ള അഭിപ്രായങ്ങളും സംശയങ്ങളും തീർക്കേണ്ട കടമ അധ്യാപകർക്കാണ്. അതിനാൽ കാലാനുസൃതമായി കാര്യങ്ങൾ മനസ്സിലാക്കി അറിവുനേടാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിർമാണം പൂർത്തിയാക്കിയ 68 സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും 33 സ്‌കൂൾ കെട്ടിടത്തിന്റെ കല്ലിടൽ ചടങ്ങും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം സാധ്യമായത് വിദ്യാർത്ഥികളുടെ അക്കാദമിക മികവിലൂടെയാണെന്നതിനാൽ അതിൽ വിട്ടുവീഴ്ച ഉണ്ടാകരുത്. ആധുനിക കാലത്തിന് ചേർന്ന രീതിയിലുള്ള വിദ്യാഭ്യാസ പ്രക്രിയകൾ നടപ്പിലാക്കാനും പരിഷ്‌കരിക്കാനും നടപടികൾ സ്വീകരിച്ചുവരികയാണ്. ഏഴുവർഷത്തിൽ പത്തു ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി എത്തിച്ചേർന്നു. ആയിരത്തോളം സ്‌കൂളുകൾ ഹൈടെക്കായി. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ടിവന്ന സാഹചര്യത്തിൽനിന്നും മാറി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. എ എ റഹിം എംപി, എംഎൽഎമാരായ വി ജോയി, വി ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ്-സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്, സമഗ്രശിക്ഷാ എസ്പിഡി ഡോ. എ ആർ സുപ്രിയ, എസ്ഐഇടി ഡയറക്ടർ ബി അബുരാജ്, സീമാറ്റ് ഡയറക്ടർ ഡോ. വി ടി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

