പ്രതിഭാ സംഗമവും റോബോട്ടിക്സ് പരിശീലനവും

ഫറോക്ക്: ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന “ഹർഷം- 2025’ പ്രതിഭാ സംഗമവും അനുമോദനവും റോബോട്ടിക്സ് പരിശീലന പരിപാടിയും മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. എസ്എസ്എൽസി, പ്ലസ്- ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവർ, യുഎസ്എസ്, എൻഎംഎംഎസ് നേടിയവർ, സ്കൂൾ ഇന്നൊവേഷൻ മാരത്തൺ ജേതാക്കൾ, എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെട്ട കവിതയുടെ രചയിതാവായ സ്കൂൾ അധ്യാപകൻ പി ശിവലിംഗൻ, വെള്ളത്തിൽ മുങ്ങിയ രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച സ്കൂൾ വിദ്യാർത്ഥികളായ കെ രവിനന്ദ്, കെ അമൽ രാജ് എന്നിവരെ അനുമോദിച്ചു.

ജില്ലാ അധ്യാപക പരിശീലന കേന്ദ്ര (ഡയറ്റ്)ത്തിന്റെ നേതൃത്വത്തിൽ വാക്കറൂ ഫൗണ്ടേഷൻ, ഡി ലീഡ് എന്നിവയുടെ സഹകരണത്തോടെയാണ് “വാക് ടു ലീഡ് റോബോട്ടിക് ടെക് ക്വസ്റ്റ് ഫേസ് 2’ റോബോട്ടിക്സ് പരിശീലനം നൽകുന്നത്. ഫറോക്ക് നഗരസഭാധ്യക്ഷൻ എൻ സി അബ്ദുൾ റസാഖ് അധ്യക്ഷനായി. ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി സുലൈഖ, കൗൺസിലർമാരായ കെ കമറുലൈല, കെ ടി എ മജീദ്, സ്കൂൾ പിടിഎ പ്രസിഡണ്ട് സി ഷിജു, വിഎച്ച്എസ് വിഭാഗം പ്രിൻസിപ്പൽ എം യാസർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി താരാ ബാബു സ്വാഗതവും പ്രധാനാധ്യാപകൻ കെ പി സ്റ്റിവി നന്ദിയും പറഞ്ഞു.

