KOYILANDY DIARY.COM

The Perfect News Portal

സപ്ലൈകോ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന്

.

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഡിസംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും. ഡിസംബർ 31 വരെയാണ് മേളകൾ പ്രവർത്തിക്കുക.

 

ആറ് ജില്ലകളിൽ പ്രത്യേകമായി ഒരുക്കിയ വേദികളിലാണ് മേളകൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻ ഡ്രൈവ്, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിൽ വെച്ചാണ് മേള നടക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയറായി പ്രവർത്തിക്കും.

Advertisements

 

പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും മേളകളിൽ ലഭ്യമാകും. സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് നൽകുന്ന പദ്ധതി മേളകളിലും തുടരും.

 

500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് ലഭിക്കും. ക്രിസ്മസിനോടനുബന്ധിച്ച് ‘സാന്റ ഓഫർ’ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ ഉൾപ്പെട്ട പ്രത്യേക കിറ്റും ഡിസംബർ 22 മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭ്യമാകും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ ഉൾപ്പെട്ട 667 രൂപ മൂല്യമുള്ള കിറ്റ് 500 രൂപയ്ക്കാണ് ലഭിക്കുക.

ഉപഭോക്താക്കൾക്കായി പ്രത്യേക കൂപ്പണുകളും സപ്ലൈകോ ഒരുക്കുന്നുണ്ട്. സപ്ലൈകോ പെട്രോൾ പമ്പുകളിൽ നിന്ന് 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും, ആയിരം രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റ് വാഹനങ്ങൾക്കും കൂപ്പണുകൾ നൽകും. ആയിരം രൂപയ്ക്ക് സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഈ കൂപ്പൺ ഉപയോഗിച്ചാൽ 50 രൂപ ഡിസ്കൗണ്ട് ലഭിക്കും.

സപ്ലൈകോയുടെ അത്യാധുനിക ഷോപ്പിംഗ് മാളായ ‘സിഗ്നേച്ചർ മാർട്ട്’ ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും. തലശ്ശേരി സിഗ്നേച്ചർ മാർട്ട് ജനുവരി 10ന് ഉദ്ഘാടനം ചെയ്യുമെന്നും, കോട്ടയം സിഗ്നേച്ചർ മാർട്ട് ജനുവരി മൂന്നാം വാരത്തിൽ തുറക്കുമെന്നും അറിയിച്ചു. അതേസമയം, മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ തരംമാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.

Share news