മുങ്ങിയ എൽദോസ് കുന്നപ്പിള്ളി ഫേസ് ബുക്കിൽ പൊങ്ങി
കൊച്ചി: ലൈംഗിക പീഡനക്കേസിൽ ഒളിവിൽപോയ കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി അതിജീവിതയെ ആക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്ത്. ഇന്ന് പുലർച്ചെയാണ് അനൗദ്യോഗിക അക്കൗണ്ടിൽനിന്ന് എംഎൽഎ പോസ്റ്റ് ചെയ്തത്. പരാതി നൽകിയ യുവതിയെ ക്രിമിനൽ എന്ന് ആക്ഷേപിച്ചാണ് എംഎൽഎയുടെ പോസ്റ്റ്.
ഇത്രവരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എംഎൽഎ പറയുന്നു. നിയമവിരുദ്ധമായ ഒരുതെറ്റും ചെയ്തിട്ടില്ലെന്നാണ് എംഎൽഎയുടെ ന്യായീകരണം. പിന്നെ എന്തിനാണ് ഒളിവിൽ പോയിരിക്കുന്നത് എന്നാണ് കമന്റുകളിൽ കോൺഗ്രസ് അനുഭാവികളുടെതന്നെ ചോദ്യം. പരാതി നൽകിയ യുവതിയെ ആക്ഷേപിച്ചുകൊണ്ടാണ് എംഎൽഎയെ അനുകൂലിക്കുന്നവരുടെ പ്രതികരണങ്ങൾ.

വിവാഹ വാഗ്ദാനം നൽകി എംഎൽഎയുടെ പീഡനം

എൽദോസ് കുന്നപ്പിള്ളി അധ്യാപികയെ പീഡിപ്പിച്ചത് വിവാഹവാഗ്ദാനം നൽകിയിട്ട്. വർഷങ്ങളായി പരിചയമുള്ള ഇരുവരും കഴിഞ്ഞ ജൂൺ മുതൽ കൂടുതൽ അടുത്തിരുന്നതായി യുവതി വെളിപ്പെടുത്തി. സൗഹൃദം മുതലെടുത്ത എംഎൽഎ ലൈംഗികമായി പീഡിപ്പിച്ചെന്ന് മജിസ്ട്രേട്ടിനും ക്രൈംബ്രാഞ്ചിനും നൽകിയ മൊഴിയിൽ പറയുന്നു. യുവതി താമസിക്കുന്ന വീട്ടിൽ മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായിരുന്നു.

വന്നുകയറിയാലുടൻ വാതിലടയ്ക്കും. എതിർപ്പറിയിച്ചിട്ടും വീട്ടിലെത്തി ഉപദ്രവിച്ചെന്നും യുവതി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ബുധനാഴ്ചയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. അസി. കമീഷണർ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്ഐ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ മൊഴിയുടെ പകർപ്പിന് പൊലീസ് അപേക്ഷ നൽകും. ഇതുകൂടി പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് കടക്കും. നേരത്തെ കോവളം സ്റ്റേഷനിൽ നൽകിയ പരാതിയിൽ ലൈംഗിക പീഡനപ്രകാരമുള്ള കേസില്ല. മൊഴിയുടെ അടിസ്ഥാനത്തിൽ ലൈംഗിക പീഡനം അനുസരിച്ചുള്ള വകുപ്പുകളും ചുമത്തും.
