KOYILANDY DIARY

The Perfect News Portal

കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളേജിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. മുപ്പതോളം പേർക്കെതിരെ കേസെടുത്തു

കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളേജിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. മുപ്പതോളം പേർക്കെതിരെ കേസെടുത്തു. സംഘർഷത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ അവധിക്കാലത്ത് നിലച്ച കൂട്ടത്തല്ലാണ് തിങ്കളാഴ്ച പുനരാരംഭിച്ചതെന്നാണ് പറയുന്നത്. വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് കോളേജ് പരിസരത്ത് നിന്നാണ് അടി തുടങ്ങിയത്. ഒടുവിൽ കൂട്ടം കൂടി വിദ്യാർത്ഥികളെ പരസ്പരം മർദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

കൂട്ടമായി ദേശീയപാതയിൽ വിദ്യാർത്ഥികൾ പരന്നോടിയതോടെ  ചെറിയ കുട്ടികൾ ഉൾപ്പെടെ തിക്കിലും തിരക്കിലുംപെട്ടു ഉഴറി.  ഇതിനിടെ ചില കുട്ടികൾക്ക് വീണ് പരിക്കേൽക്കുകയും ചെയ്തു. റോഡിലൂടെ കൂട്ടമായി ഓടിയ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് നിൽക്കുകയായിരുന്നു. തുടർന്ന് ചേവായൂർ സ്റ്റേഷനിലെ എസ് ഐമാരായ നിമിൻ, നിഥിൻ എന്നിവരുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തിയേതോടെ വിദ്യാർഥികൾ ചിതറിയോടി.

വീടുകളിലേക്കും ഇടവഴികളിലേക്കും കെട്ടിടങ്ങൾക്കും ഓടിയവരെ പൊലീസ് പിന്തുടർന്ന് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. ജെ ഡി ടി കോളേജിൽ ചില വിദ്യാർഥികൾ ബോധപൂർവം പ്രശ്നങ്ങൾ  ഉണ്ടാക്കുന്നതായും ഇവർക്കു പുറത്തു നിന്നുള്ള ലഹരി സംഘങ്ങളുടെ പിന്തുണ ലഭിക്കുന്നതായി വിവരമുണ്ടെന്നും പൊലീസ് പറഞ്ഞു. അക്രമം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Advertisements