മാനവ ലൈബ്രറി എന്ന ആശയവുമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ

പേരാമ്പ്ര: മാനവ ലൈബ്രറി എന്ന ആശയവുമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. വിവിധ മേഖലകളിൽ തങ്ങളുടേതായ ഇടംകണ്ടെത്തി പ്രശസ്തരായവരെയും മറ്റുള്ളവർക്ക് കരുത്തും പ്രോത്സാഹനവും നൽകിയ വ്യക്തിത്വങ്ങളെ കണ്ടെത്തിയും സംവാദ വേദികൾ പങ്കിടുന്നതാണ് മാനവ ലൈബ്രറി എന്ന ആശയം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ റൂറൽ ജില്ലാ അഡീഷണൽ എസ്പിയും സ്റ്റുഡന്റ് പൊലീസ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുമായ എ പി ചന്ദ്രൻ നിർവഹിച്ചു. സ്കൂൾ മാനേജർ കെ വി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.

എസ്പിസി അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ സുനിൽ കുമാർ പദ്ധതി വിശദീകരിച്ചു. “നമുക്കും കഥയെഴുതാം’ എന്ന ശീർഷകത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ വി ബാബുരാജ് പ്രഥമ സംവാദത്തിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ വി അനിൽ, കമ്യൂണിറ്റി പൊലീസ് ഓഫീസർ കെ പി മുരളികൃഷ്ണദാസ്, പി കെ രവിത, വി സാബു, എം കെ ലിനീഷ്, വിനില ദിനേശ്, പി ജുനൈദ്, ബി കെ അമിഷ, ഷിജി ബാബു, എ എസ് ആൻലിയ കമ്പനി കമാൻഡർ പാർവതി രാജ് എന്നിവർ സംസാരിച്ചു.

