KOYILANDY DIARY.COM

The Perfect News Portal

തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കള്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കള്‍. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വളപ്പില്‍ അയ്യൂബിന്റെ മകള്‍ക്ക് നേരെയാണ് തെരുവുനായ്ക്കള്‍ പാഞ്ഞടുത്തത്. 

കുട്ടി ഓടിക്കയറുന്ന വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഓടിക്കയറുന്നതും പിന്നാലെ രണ്ട് നായ്ക്കള്‍ ഓടി വീട്ടില്‍ കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗേറ്റിനു പുറത്തും മൂന്നോളം നായ്ക്കള്‍ നില്‍ക്കുന്നുണ്ട്. കുട്ടി ഓടിക്കയറിയത് കണ്ട വീട്ടുടമ നായകളെ ഓടിക്കുന്നതും സിസിടിവിയില്‍ കാണാം. സംസ്ഥാനത്ത് മാസങ്ങളായി നായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുകയാണ്.

വിഷയത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര മൃഗ സംരക്ഷണ ക്ഷീര വികസന സെക്രട്ടറി അല്‍ക്ക ഉപാധ്യായയെയും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഒ പി ചൗധരിയെയും നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. എബിസി നിയമങ്ങളില്‍ ഭേദഗതി വേണമെന്നും ആവശ്യപ്പെട്ടതായും പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Share news