ട്രെയിനിന് നേരെ കല്ലേറ് ; പൊലീസ് ഡ്രോൺ കാമറ നിരീക്ഷണം തുടങ്ങി
കാസർകോട്: ട്രെയിനിന് നേരെ കല്ലേറിയുന്നവരെയും അട്ടിമറി ശ്രമം നടത്തുന്നവരെയും കണ്ടെത്താൻ പൊലീസ് ഡ്രോൺ കാമറ നിരീക്ഷണം തുടങ്ങി. ഓരോ ട്രെയിനും കടന്നുപോകുന്നതിനുമുമ്പും കടന്നുപോകുന്ന സമയത്തും ഡ്രോൺ പറത്തുകയാണ് ചെയ്യുന്നത്. രാത്രിയിലും ദൃശ്യങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണിത്.

കാസർകോട് മുതൽ കാഞ്ഞങ്ങാട് വരെയും കാഞ്ഞങ്ങാട് മുതൽ തൃക്കരിപ്പൂർ വരെയുമാണ് രണ്ട് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഡ്രോൺ പറത്തും. പൊതുജനങ്ങളുടെ സഹകരണത്തോടെ രഹസ്യ നിരീക്ഷണവുമുണ്ട്. ഹൊസ്ദുർഗ് പൊലീസാണ് തുടക്കത്തിൽ നിരീക്ഷണം നടത്തുന്നത്.
ജില്ലയിൽ ട്രെയിനുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന കല്ലേറും കളനാട് തുരങ്കത്തിന് സമീപം പാളത്തിൽ ക്ലോസെറ്റും ചെത്തുകല്ലും കണ്ടെത്തിയതുമാണ് നിരീക്ഷണം ശക്തപ്പെടുത്തിയത്. കളനാട്ടെ സംഭവത്തിൽ മേൽപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഊർജിതമാക്കി. ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
